‘കർഷകസമരം ബംഗ്ലദേശിലെ പോലെ അരാജകത്വം സൃഷ്ടിക്കാൻ’: കങ്കണയുടെ വിവാദപരാമർശം തള്ളി ബിജെപി

0

ന്യൂഡൽഹി∙ കർഷക സമരത്തിനെതിരെ നടിയും എംപിയുമായ കങ്കണ റനൗട്ട് നടത്തിയ വിവാദപരാമർശം തള്ളി ബിജെപി. പാർട്ടിനയങ്ങൾ പറയാൻ കങ്കണയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വ്യക്തമാക്കി.കർഷകസമരത്തിന്റെ പേരിൽ ബംഗ്ലദേശിലെ പോലെ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിച്ചെന്നായിരുന്നു കങ്കണയുടെ പരാമർശം. ‘‘പാർട്ടിക്ക് വേണ്ടി നയപരമായ കാര്യങ്ങളിൽ സംസാരിക്കാൻ കങ്കണയ്ക്ക് അധികാരമില്ല, അതിന് അനുമതി നൽകിയിട്ടില്ല.

ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ട്.’’ ബിജെപി പ്രസ്താവനയിൽ പറഞ്ഞു.നേരത്തെ, ഹരിയാനയിലെയും പഞ്ചാബിലെയും ബിജെപി നേതാക്കളും കങ്കണയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘‘കർഷകരെക്കുറിച്ച് സംസാരിക്കുന്നത് കങ്കണയുടെ ജോലിയല്ല. കങ്കണയുടെ പ്രസ്താവന വ്യക്തിപരമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും കർഷക സൗഹൃദമാണ്. പ്രതിപക്ഷ പാർട്ടികൾ ഞങ്ങൾക്കെതിരെയാണ് പ്രവർത്തിക്കുന്നത്, കങ്കണയുടെ പ്രസ്താവനയും അതുതന്നെയാണ് ചെയ്യുന്നത്. ഇത്തരം പ്രസ്താവനകൾ നടത്തരുത്.’’– പഞ്ചാബ് ബിജെപി നേതാവ് ഹർജിത് ഗ്രേവാൾ പറഞ്ഞു.വിവാദ കൃഷി നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു. ‌

Spread the love

Leave a Reply

Your email address will not be published. Required fields are marked *