സുനിതാ വില്യസിന്റെയും വില്‍മോറിന്റെയും തിരിച്ചുവരവിന് സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമല്ല :നാസ
അപകടം നിറഞ്ഞതാണ് ഓരോ ബഹിരാകാശ ദൗത്യവും. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അപകട സാധ്യത കുറയ്ക്കുന്നതിനായാണ് പുതിയ ബഹിരാകാശ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിന് മുമ്പ് അനവധി പരീക്ഷണങ്ങളിലൂടെ അവ കടന്നുപോവുന്നത്. സ്ഥിരം ബഹിരാകാശ ദൗത്യങ്ങള്‍ക്ക് പേടകം ഉപയോഗപ്രദമാണോ എന്ന് ഉറപ്പിക്കുന്നതിന് വേണ്ടിയാണ് സുനിതാ വില്യംസിനെയും ബച്ച് വില്‍മോറിനേയും വഹിച്ചുള്ള ഈ പരീക്ഷണ ദൗത്യം നടത്തിയത്. എന്നാല്‍ ഒട്ടേറെ സാങ്കേതിക പ്രശ്‌നങ്ങളാണ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ കണ്ടെത്തിയത്.സുനിതാ വില്യസിന്റെയും വില്‍മോറിന്റെയും തിരിച്ചുവരവിന് സ്റ്റാര്‍ലൈനര്‍ പേടകം സുരക്ഷിതമല്ലെന്ന് നാസ പ്രഖ്യാപിച്ചുകഴിഞ്ഞു. സുനിതാ വില്യംസും, ബച്ച് വില്‍മോറുമില്ലാതെ പേടകം ഭൂമിയില്‍ തിരികെ ഇറക്കാനാണ് നാസയുടെ തീരുമാനം. ഇരുവരും കൂടുതല്‍ നാള്‍ നിലയത്തില്‍ തുടരണം.
2025 ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്രൂ 9 പേടകത്തിലാണ് സുനിത വില്യംസും സഹയാത്രികനും തിരികെ വരിക. നാസയുടെ ദൗത്യങ്ങളില്‍ സ്ഥിര സാന്നിധ്യമായിക്കഴിഞ്ഞ സ്‌പേസ് എക്‌സിനെ സംബന്ധിച്ച് അഭിമാന നേട്ടങ്ങളില്‍ ഒന്നുകൂടിയാണ് ഈ അവസരം.പ്രവര്‍ത്തനക്ഷമമായാല്‍ സ്‌പേസ് എക്‌സിന് എതിരാളിയായി മാറാന്‍ പോവുന്ന ബഹിരാകാശ പേടകമാണ് സ്റ്റാര്‍ലൈനര്‍. വാണിജ്യാടിസ്ഥാനത്തില്‍ പേടകം നിര്‍മിക്കാന്‍ സ്‌പേസ് എക്‌സിനെ പോലെ തന്നെ നാസ തിരഞ്ഞെടുത്ത കമ്പനിയാണ് ബോയിങും. എന്നാല്‍ പേടക നിര്‍മാണം സ്‌പേസ് എക്‌സ് അതിവേഗം പൂര്‍ത്തിയാക്കിയപ്പോള്‍ ബോയിങിന്റെ പേടകം ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്വകാര്യ കമ്പനികള്‍ ആയതിനാല്‍ തന്നെ ഇരു കമ്പനികളും തമ്മിലുള്ള മത്സരം നിലനില്‍ക്കുന്നുണ്ട്. സ്റ്റാര്‍ലൈനര്‍ പേടകം തകരാറിലായി പകരം എതിരാളിയായ സ്‌പേസ് എക്‌സിന്റെ പേടകം ഉപയോഗിക്കുന്നത്. ബോയിങിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
അതേസമയം, ഇത് ഒരു പരീക്ഷണ ദൗത്യമാണെന്ന് നാസ ഊന്നി പറയുന്നു. സ്റ്റാര്‍ലലൈനര്‍ പോടകം കഴിവുള്ള ബഹിരാകാശ പേടകമാണ്. ആത്യന്തികമായി ദൗത്യ സംഘാംഗങ്ങളെ സുരക്ഷിതമായി തിരികെ എത്തിക്കാനാകുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ബഹിരാകാശ നിലയത്തില്‍ പേടകം എത്തിയതിന് ശേഷം വിശദമായ പരിശോധനകളും വിശകലനങ്ങളുമാണ് നാസയും ബോയിങും നടത്തിയത്. ഭൂമിയിലേക്ക് തിരികെ ഇറങ്ങുമ്പോള്‍ പല ഭാഗങ്ങളും കത്തിയമര്‍ന്നുപോവുമെന്നതിനാല്‍ നിലയത്തില്‍ വച്ച് തന്നെ അവ പരിശോധിക്കേണ്ടിരുന്നു. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ബഹിരാകാശത്തെ പ്രകടനവുമായി ബന്ധപ്പെട്ട് സുപ്രധാനമായ നിരവധി വിവരങ്ങളാണ് ഈ പരീക്ഷണ ദൗത്യത്തിലൂടെ ലഭിച്ചത്. ഭാവിയില്‍ പേടകത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ വിവരങ്ങള്‍ ഉപയോഗപ്പെടും. തിരിച്ചുവരവിനിടെയും സ്റ്റാര്‍ലൈനറിന്റെ പ്രകടനം വിലയിരുത്തും.