ശ്രീകൃഷ്ണ ജന്മാഷ്ടമി
രഞ്ജിത്ത് രാജ തുളസി
മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ വിവിധ പേരുകളിലും അറിയപ്പെടുന്നു. ഹൈന്ദവതയിൽ വൈഷ്ണവ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു സുപ്രധാന ഉത്സവമാണ്. ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കുന്നു.
ദേവന്മാർ നിരവധി വ്രതങ്ങൾ അനുഷ്ഠിച്ചതിന്റെ ഫലമായിട്ടാണ് ഭഗവാൻ മഹാവിഷ്ണു ലോകധര്‍മ രക്ഷാര്‍ഥം കൃഷ്ണാവതാരം പൂണ്ടത്. അങ്ങിനെയുള്ള മഹാവ്രതത്തിന്റെ സ്മൃതി പുതുക്കൽ കൂടിയാണ് അഷ്ടമി രോഹിണി. ഈ ദിനം വ്രതമെടുത്തത് വഴി ദേവന്മാര്‍ അവരുടെ ഉദ്ദിഷ്ടകാര്യം സാധിച്ചുവന്നു ഉറപ്പാണല്ലോ. അതേപോലെ ഈ അഷ്ടമിരോഹിണി പുണ്യദിനത്തിൽ വ്രതം അനുഷ്ടിക്കുന്നവരുടെ ആഗ്രഹങ്ങളും ഭഗവാന്‍ സാധിപ്പിക്കും എന്നതാണ് വിശ്വാസം. ദ്വാപര യുഗത്തിൽ ഭദ്രപാദ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയില്‍ രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണന്‍ അവതരിച്ചതെന്നാണ് വിശ്വാസം.
ഭഗവാന്റെ അവതാരസമയം അർധരാത്രിയാണ്. ആ സമയം വരെ ശ്രീകൃഷ്ണ കഥാഗ്രന്ഥങ്ങള്‍ പ്രത്യേകിച്ച് ഭാഗവതം പാരായണം ചെയ്യണം. ജന്മാഷ്ടമി ദിനത്തില്‍ ഭാഗവതം പാരായണം ചെയ്‌താല്‍ ജന്മാന്തര പാപങ്ങള്‍ പോലും ഇല്ലാതാകുമെന്നാണ് വിശ്വാസം. നാരായണീയം, ശ്രീകൃഷ്ണ കര്‍ണാമൃതം, കൃഷ്ണഗാഥ മുതലായ ഗ്രന്ഥങ്ങളും പാരായണം ചെയ്യാം. ശ്രീകൃഷ്ണ ജയന്തി വ്രതത്തിന്റെ അവസാനം പിറ്റേന്ന് പുലർച്ചെ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം കഴിക്കുകയും ചെയ്തതിനുശേഷം പാരണവീടുക എന്നതാണ് ചടങ്ങ്. ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഏതെങ്കിലും നിവേദ്യങ്ങൾ അർപ്പിക്കണം. പാൽപ്പായസം, ഇളനീർ, നെയ്യപ്പം, എന്നിവ വിശേഷമാണ്. വെണ്ണ നിവേദ്യം,തൃക്കേ വെണ്ണ ഉണ്ണിക്കണ്ണന് അങ്ങേയറ്റം വിശേഷമാണ്.
അഷ്‌ടമി രോഹിണി ദിവസം സന്താന ഗോപാലമന്ത്രം ജപിക്കുക വിശേഷമാണ്. മന്ത്രോപദേശമുള്ളവർ രാജഗോപാല മന്ത്രം ജപിക്കാവുന്നതാണ്. മന്ത്രോപദേശം ഉള്ളവരും ഇല്ലാത്തവർക്കും ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരി ജപിക്കാം. ജാതകവശാല്‍ ആയുസ്സിന് മാന്ദ്യം ഉളളവര്‍ ആയുര്‍ഗോപാലമന്ത്രം ജപിക്കണം. വിദ്യാഭ്യാസ പുരോഗതിക്കും വിദ്യാവിജയത്തിനും വിജയത്തിനും വിദ്യാഗോപാല മന്ത്രം ജപിക്കണം.