‘പുകവലിയ്ക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നതുകൊണ്ട് ഒരു സ്ത്രീ എന്തിനും വഴങ്ങുന്നവളാണെന്ന് ധരിക്കേണ്ട’
പാലേരി മാണിക്യം എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയതായും ലൈംഗികചൂഷണത്തിന് ശ്രമിച്ചതായുമുള്ള ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനുപിന്നാലെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചൊഴിഞ്ഞിരിക്കുകയാണ് രഞ്ജിത്ത്.
മലയാള സിനിമാമേഖലയിലെ ചൂഷണങ്ങളും അധികാരദുര്‍വിനിയോഗങ്ങളും സംബന്ധിച്ചുള്ള വിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിക്കുന്നതിനിടെ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ച് ശ്രീലേഖ മിത്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ചുണ്ടില്‍ സിഗററ്റുമായി നില്‍ക്കുന്ന ശ്രീലേഖ മിത്രയും അവരുടെ വാക്കുകള്‍ രേഖപ്പെടുത്തിയതുമായ പോസ്റ്ററാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
“ഞാന്‍ പുകവലിക്കാറുണ്ട്, പക്ഷേ അതുകൊണ്ട് ഞാനൊരു തരം താണവളെന്നോ ദുരാചാരിയായ ഒരുവളാണെന്നോ അര്‍ഥമില്ല. പരസ്യമായി പുകവലിയ്ക്കുകയോ മദ്യപിക്കുകയോ ചെയ്യുന്ന ഒരു സ്ത്രീയ്ക്ക് നേരെ വിരല്‍ ചൂണ്ടാന്‍ വളരെ എളുപ്പമാണ് എന്നാല്‍ നിങ്ങള്‍ക്ക് വഴങ്ങുന്നവളാണ് ഞാനെന്നല്ല അതിനര്‍ഥം”, എന്നാണ് ശ്രീലേഖ മിത്രയുടെ ചിത്രത്തിനൊപ്പമുള്ളത്. സപ്പോട്ട്, ശ്രീലേഖ മിത്ര എന്നീ ഹാഷ്ടാഗുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ആരാണ് ഇത് തയ്യാറാക്കിയതെന്ന് അറിയില്ലെന്നും എന്നാല്‍ ഇതാണ് താന്‍ പറയാനുദ്ദേശിക്കുന്ന പ്രധാനകാര്യമെന്നും ഈ പോസ്റ്റര്‍ പോസ്റ്റ് ചെയ്ത് ശ്രീലേഖ മിത്ര കുറിച്ചു. പോസ്റ്റര്‍ തയ്യാറാക്കിയയാള്‍ക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. അതേസമയം താന്‍ പുകവലിയോ മദ്യപാനമോ പ്രോത്സാഹിപ്പിക്കുന്നല്ലെന്നും അവര്‍ കുറിച്ചിട്ടുണ്ട്. ‘നോ എന്നുപറഞ്ഞാല്‍ നോ ആണെന്നും യെസ് എന്നാല്‍ യെസ് ആണെന്നും’ വലിയ അക്ഷരങ്ങളില്‍ അവര്‍ കുറിച്ചിരിക്കുന്നു. വിമെന്‍ എംപവര്‍മെന്റ്, വിമെന്‍ സേഫ്റ്റി എന്നീ ഹാഷ്ടാഗുകളും ചേര്‍ത്തിട്ടുണ്ട്.