സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനാല്‍ മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ

0

മുംബൈ : സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി റിലയന്‍സ് ജിയോ. തട്ടിപ്പ് സംഘത്തില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്ന ടിപ്പുകളും ജിയോ ഉപഭോക്താക്കള്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. സൈബര്‍ തട്ടിപ്പുകളെ കുറിച്ച് ജിയോ മുന്നറിയിപ്പ് നല്‍കുന്നത് ഇങ്ങനെ… തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്‌സ്ആപ്പ് മെസേജുകള്‍, കോളുകള്‍, ഇമെയില്‍ എന്നിവ വഴിയാണ് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ക്രഡിറ്റ്-ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയ സെന്‍സിറ്റീവ് വിവരങ്ങള്‍ ഇവര്‍ പല മാര്‍ഗങ്ങളിലൂടെ കൈക്കലാക്കാന്‍ ശ്രമിക്കും. ഏത് വിധേനയും പറ്റിച്ച് ഒടിപി നമ്പറുകള്‍ കൈക്കലാക്കുന്നതാണ് രീതി. അടിയന്തരമായി വിവരങ്ങളും ഒടിപിയും വേണമെന്നും അല്ലെങ്കില്‍ സര്‍വീസ് വിച്ഛേദിക്കപ്പെടുമെന്നും ഇവര്‍ ഭീഷണിപ്പെടുത്താറാണ് പതിവ്. തേഡ്-പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും പതിവാണ്.

ഇങ്ങനെ തേഡ്-പാര്‍ട്ടി ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ അത് വഴി ഫോണിലേക്കും കമ്പ്യൂട്ടറുകളിലേക്കും നുഴഞ്ഞുകയറാന്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് കഴിയും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങളും റിലയന്‍സ് ജിയോ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ പൊടാതിരിക്കാന്‍ താഴെ പറയുന്ന പൊടിക്കൈകള്‍ പ്രയോഗിക്കാം.

നിഗൂഢമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. പരിചയമില്ലാത്ത മെസേജുകള്‍, കോളുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്ക് മറുപടി നല്‍കാതിരിക്കുന്നതും സൈബര്‍ സുരക്ഷയ്ക്ക് നല്ലതാണ്. തേഡ്-പാര്‍ട്ടി ആപ്പുകള്‍ക്ക് ഒരിക്കലും അനുമതി നല്‍കരുത്. ഇത്തരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാനും ജാഗ്രത പുലര്‍ത്തണം. നമ്മുടെ ഫോണിന്‍റെ നിയന്ത്രണം മറ്റൊരാള്‍ക്കും കൈമാറരുത്. സിം കാര്‍ഡിന് പിന്നില്‍ നല്‍കിയിരിക്കുന്ന 20 അക്ക നമ്പര്‍ യാതൊരു കാരണവശാലും കൈമാറരുത്. ആപ്ലിക്കേഷനുകള്‍ക്കും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്കും ശക്തമായ പാസ്‌വേഡുകള്‍ നല്‍കുന്നതും ഗുണം ചെയ്യും. അസാധാരണമായ എന്തെങ്കിലും ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്‍റുകള്‍ എടുത്ത് പരിശോധിക്കേണ്ടതാണ്. ഫോണ്‍ ഇടയ്ക്കിടയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതും പിഴവുകള്‍ ഒഴിവാക്കാന്‍ സഹായകമാകുന്ന ഘടകമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *