ഐഫോണ്‍ 16 സിരീസ് ക്യാമറയില്‍ വരുന്നത് വമ്പന്‍ അപ്ഡേറ്റുകള്
കാലിഫോര്‍ണിയ : ആപ്പിളിന്റെ ഐഫോണ്‍ 16 സിരീസ് സ്മാര്‍ട്ട്ഫോണ്‍ വരുമ്പോള്‍ ആകാംക്ഷകളേറെയും ക്യാമറയെ കുറിച്ചാണ്. ഐഫോണ്‍ 15 സിരീസിലെ 48 എംപിയുടെ പ്രൈമറി ക്യാമറയില്‍ മാറ്റം ഐഫോണ്‍ 16 സിരീസില്‍ കാണില്ലെങ്കിലും ക്യാമറയില്‍ മറ്റ് ചില അപ്ഡേറ്റുകളുണ്ടാകും എന്ന സൂചന സന്തോഷം പകരുന്നതാണ്.
ഏറെ പുതുമകളോടെയായിരുന്നു ഐഫോണ്‍ 15 സിരീസിലെ ക്യാമറകള്‍ കഴിഞ്ഞ വര്‍ഷം വന്നത്. ഐഫോണ്‍ 16 സിരീസിലേക്ക് എത്തുമ്പോള്‍ 48 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയില്‍ മാറ്റം വരില്ല എന്നാണ് സൂചന. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ് എന്നീ മോഡലുകളില്‍ 48 എംപി പ്രധാന സെന്‍സര്‍ തന്നെയാണ് വരാനിട. പക്ഷേ ക്യാമറ ഫീച്ചറുകളില്‍ മറ്റ് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. അള്‍ട്രാവൈഡ് സെന്‍സറില്‍ അപേര്‍ചര്‍ റേറ്റ് f/2.2 ആയിരിക്കുമെന്ന് ആപ്പിള്‍ ഇന്‍സൈഡര്‍ പറയുന്നു. ഐഫോണ്‍ 15ല്‍ ഇത് f/2.4 ആയിരുന്നു. പുത്തന്‍ അപ്ഡേറ്റ് കൂടുതല്‍ പ്രകാശത്തെ ആകിരണം ചെയ്യാനും കുറഞ്ഞ ലൈറ്റില്‍ തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സഹായകമാകുന്നതുമാണ്. ഐഫോണ്‍ 16 നോണ്‍-പ്രോ മോഡലുകളില്‍ വെര്‍ട്ടിക്കല്‍ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്.
ഐഫോണ്‍ 16 പ്രോയിലും ഐഫോണ്‍ 16 പ്രോ മാക്സിലും ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് വരാനിട. ഇവയിലും 48 എംപിയുടെ പ്രധാന സെന്‍സറില്‍ മാറ്റം വരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 3x ടെലിഫോട്ടോ സൂമിന് പകരം 5x ടെലിഫോട്ടോ സൂം ഐഫോണ്‍ 16 പ്രോയില്‍ വന്നേക്കും. 48 എംപിയുടെ പ്രോ-റോ ഫോട്ടോസും, JPEG-XL എന്ന പുതിയൊരു ഫോട്ടോ ഫോര്‍മാറ്റും ആപ്പിള്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
സെപ്റ്റംബര്‍ 10ന് ഐഫോണ്‍ 16 സിരീസ് ആപ്പിള്‍ കമ്പനി ആഗോളമായി ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് ഈ സിരീസില്‍ വരാനിരിക്കുന്ന മോഡലുകള്‍.