റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അബ്ദുൽ മജീദ് നിര്യാതനായി
റിയാദ് : റിയാദ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡൻറ് അബ്ദുൽ മജീദ് (57) നിര്യാതനായി. അർബുദ ബാധിതനായി നാട്ടിൽ പോയി മലബാർ കാൻസർ സെൻററിൽ ചികിത്സയിൽ കഴിയുന്നതിനിടെ രോഗം മൂർച്ഛിച്ച് അഞ്ചരക്കണ്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച രാവിലെ 7.30ഓടെ അന്ത്യം സംഭവിക്കുകയുമായിരുന്നു. ഖബറടക്കം ഉച്ച കഴിഞ്ഞ് മൂന്നിന് കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് ജുമാമസ്ജിദിൽ നടന്നു.
മൂന്നു പതിറ്റാണ്ടോളം റിയാദിൽ ബിസിനസ് ചെയ്തിരുന്ന അബ്ദുൽ മജീദ് രോഗബാധിതനായി മൂന്നു മാസം മുമ്പാണ് നാട്ടിലേക്ക് ചികിത്സക്കായി പോയത്. കണ്ണൂർ പാപ്പിനശ്ശേരി വെസ്റ്റ് കൊച്ചായി ഒടിയിൽ നഫീസയുടെയും അബ്ദുൽഖാദറിെൻറയും മകനാണ് അബ്ദുൽ മജീദ്. ഭാര്യമാർ: റഷീദ, സറീന, മക്കൾ: അർഷാദ് (റിയാദ്), ഖൈറുന്നിസ, മഹറൂന്നിസ, നിഹാദ്, മിൻഹാ (മിന്നു). സഹോദരങ്ങൾ: ആസിയ (പരേത), മഹ്മൂദ്, അബ്ദുറഹ്മാൻ, ഖദീജ, ശരീഫ, ഇബ്രാഹിം, സുഹറ.
അബ്ദുൽ മജീദിെൻറ വിയോഗത്തിൽ ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കോൺഗ്രസിെൻറ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ മുൻനിര പ്രവർത്തകരിൽ ഒരാളായിരുന്നു. കഴിഞ്ഞ വർഷമാണ് കണ്ണൂർ ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ് ആയി തെരഞ്ഞെടുത്തത്. വെള്ളിയാഴ്ച വൈകീട്ട് 7.30ന് ബത്ഹയിലെ സബർമതി ഹാളിൽ മയ്യിത്ത് നിസ്കാരവും അനുശോചന സമ്മേളനവും നടന്നു.