അന്യഗ്രഹജീവികളുമായുള്ള സമ്പര്‍ക്കം അപകടകരം; മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍
ദില്ലി : അന്യഗ്രഹജീവികള്‍ ഉണ്ടെങ്കില്‍ അവയുമായുള്ള സമ്പർക്കം മനുഷ്യന് അപകടമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. രൺവീർ അലാബാദിയയുമായി ഒന്നിച്ചുള്ള ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് ഐഎസ്ആർഒ ചെയര്‍മാന്‍ ഈ അഭിപ്രായം പങ്കുവെച്ചത്.
അന്യഗ്രഹജീവികളുമായി മനുഷ്യർ ഇതുവരെ സമ്പർക്കം പുലർത്താത്തതിൽ സന്തുഷ്ടനാണെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് കൂട്ടിച്ചേർത്തു. ഭൂമിയിലെ ജീവൻ ഒരു പൊതു പൂർവികനിൽ നിന്നാണ് പരിണമിച്ചതെന്നും അന്യഗ്രഹ ജീവികൾ വ്യത്യസ്തമായ ജനിതക, പ്രോട്ടീൻ ഘടനകൾ ഉള്ളവരായിരിക്കാമെന്നും ഇതിന് കാരണമായി എസ് സോമനാഥ് ചൂണ്ടിക്കാണിച്ചു. അന്യഗ്രഹജീവികളുമായുള്ള സമ്പർക്കം ചിലപ്പോൾ അപകടരമാവുമെന്നും ഒരു ജീവിതരീതി മറ്റൊന്നിൽ ആധിപത്യം സ്ഥാപിക്കേണ്ടി വരുമെന്നും അദേഹം വിശദീകരിച്ചു.
‘അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതൽ അറിയാൻ നിരവധി പേർ ശ്രമിക്കാറുണ്ട്. മനുഷ്യരെ പോലെയുള്ള ജീവികൾ അന്യഗ്രഹത്തിൽ ഉണ്ടാകുമോ എന്നത് സംബന്ധിച്ച സംശയമാണ് ഇതിന് പിന്നിൽ. അന്യഗ്രഹത്തിൽ ജീവൻ തേടുന്നത് ശാസ്ത്രലോകത്തിന്‍റെ പ്രധാന വിഷയങ്ങളിലൊന്നാണ്. കൂടാതെ മറ്റ് ഗ്രഹങ്ങളിൽ ഭൂമിയ്ക്ക് സമാനമായ സാഹചര്യമുണ്ടോ? ഭൂതകാലത്ത് എപ്പോഴെങ്കിലും ജീവൻ നിലനിന്നിരുന്നോ? അതിന്‍റെ സാധ്യതകൾ… എന്നിവയ്ക്കുള്ള ഉത്തരങ്ങളും ശാസ്ത്രലോകം തേടുന്നുണ്ട്. സ്ഥിരീകരണമില്ലെങ്കിലും പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടാകാമെന്നും അവർ മനുഷ്യരേക്കാളും ആയിരം വർഷങ്ങളുടെ പുരോഗമനം ചിലപ്പോള്‍ കൈവരിച്ചിട്ടുണ്ടാകാമെന്നും’ എസ് സോമനാഥ് അഭിപ്രായപ്പെടുന്നു.