25 ലക്ഷം ഇൻഷൂറൻസ് തുക കൈക്കലാക്കാൻ പാമ്പിൻവിഷം കുത്തിവെച്ച് ഭർത്താവ് ഭാര്യയെ കൊന്നു
ദെഹ്റാദൂൺ : ഇൻഷൂറൻസ് തുക ലഭിക്കാനായി പാമ്പിന്റെ വിഷം കുത്തിവെച്ച് ഭർത്താവ് ഭാര്യയെ കൊലപ്പെടത്തി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിലാണ് സംഭവം. ശുഭം ചൗധരിയാണ് ഭാര്യ സലോനി ചൗധരിയെ ഓഗസ്റ്റ് 11-ന് കൊലപ്പെടുത്തിയത്. മരിച്ച സ്ത്രീയുടെ സഹോദരൻ ജസ്പുർ പോലീസിൽ പരാതിനൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സലോനിയുടെ പേരിൽ 25 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ് പോളിസിയെടുത്ത് ഒരു മാസത്തിനുള്ളിലാണ് കൊലപാതകം. സലോനിയെ ഭർത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി സഹോദരൻ പരാതിയിൽ ആരോപിച്ചു. തന്നെ നോമിനിയാക്കി ജൂലായ് 15-നാണ് ശുഭം സലോനിയുടെ പേരിൽ ഇൻഷൂറൻസ് പോളിസി എടുത്തതെന്നും രണ്ട് ലക്ഷം രൂപ പ്രീമിയമായി അടച്ചെന്നും അദ്ദേഹം പറഞ്ഞു. ശുഭം ചൗധരിയെ കൂടാതെ, ഇയാളുടെ മാതാപിതാക്കൾക്കും മറ്റൊരു വ്യക്തിക്കുമെതിരേ കൊലകുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിനായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സഹോദരന്റെ പരാതിയാണ് കേസിൽ വഴിത്തിരിവുണ്ടായത്. കൂടുതൽ തെളിവുകൾക്കായി സലോനിയുടെ ആന്തരാവയവങ്ങൾ പരിശോധനക്ക് അയച്ചിരിക്കുകയാണ് പോലീസ്.