ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്
തൊടുപുഴ : മൂവാറ്റുപുഴ കടാതിയിൽ ബന്ധുക്കൾ തമ്മിലുള്ള വഴക്കിനിടെ ഉണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതര പരിക്ക്. കടാതി മംഗലത്ത് വീട്ടിൽ ജഗൻ കിഷോറിന്റെ വെടിയേറ്റ് മാതൃസഹോദരി പുത്രനായ നവീനാണ് പരിക്കേറ്റത്. വയറിനു വെടിയേറ്റ നവീൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തൊട്ടടുത്ത വീടുകളിൽ താമസിക്കുന്ന ജഗനും നവീനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. തർക്കത്തിനിടെ ജഗൻ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
നവീന്റെ ശരീരത്തിലൂടെ ബുള്ളറ്റ് തുളച്ചുകയറി പുറത്തേക്ക് പോയി. ഉടനെ ആശുപത്രിയിലെത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് വിവരം. പ്രകോപനത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചുവരികയാണ്.
നാട്ടുകാരാണ് നവീനെ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി ജഗനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉള്ളതായും മുമ്പും വെടിവെപ്പ് നടന്നിട്ടുള്ളതായും അയൽവാസികൾ ആരോപിച്ചു. കിഷോറിന്റെ കൈവശം ഒരു റൈഫിളും പിസ്റ്റളുമാണുള്ളത്. പിസ്റ്റൾ ഉപയോഗിച്ചാണ് നിറയൊഴിച്ചത്. തോക്കുകൾക്ക് ലെസൻസുണ്ടെന്നാണ് ലഭിക്കുന്ന വിവരം.