‘റഷ്യ-യുക്രെയ്ൻ യുദ്ധം തീർക്കാൻ ഇന്ത്യയ്ക്ക് സാധിക്കും’: മോദിയിൽ പ്രതീക്ഷയർപ്പിച്ച് പോളണ്ട്

0

വാഴ്സ : റഷ്യ-യുക്രെയ്ൻ യുദ്ധം പരിഹരിക്കുന്നതിൽ ഇന്ത്യയ്ക്കു സുപ്രധാനവും ക്രിയാത്മകവുമായ പങ്കു വഹിക്കാനാകുമെന്നു പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിലേക്കു പോകുന്നതിനു തൊട്ടു മുൻപായിരുന്നു ടസ്കിന്റെ പ്രതികരണം. മോദിയുടെ യുക്രെയ്ൻ സന്ദർശനം ചരിത്രപരമാകുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ–യുക്രെയ്ൻ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ മോദി സന്നദ്ധത അറിയിച്ചെന്നും ടസ്ക് കൂട്ടിച്ചേർത്തു. യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങളിൽ മോദി ആശങ്ക പ്രകടിപ്പിച്ചു. സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ ചർച്ചയും നയതന്ത്രവും വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. യുദ്ധഭൂമിയിൽ ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ല. മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനു സാധ്യമായ എല്ലാ സഹകരണവും നൽകാൻ തയാറാണെന്നും മോദി പറഞ്ഞു.

‘‘യുക്രെയ്നിലും പശ്ചിമേഷ്യയിലും നടക്കുന്ന സംഘർഷങ്ങൾ നമുക്കെല്ലാവർക്കും ആശങ്കയാണ്. യുദ്ധഭൂമിയിൽ ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന് ഇന്ത്യ ഉറച്ചു വിശ്വസിക്കുന്നു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതു മനുഷ്യരാശിക്കാകെ വെല്ലുവിളിയാണ്.’’– ടസ്കുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കി. ഇന്ത്യ– പോളണ്ട് ബന്ധത്തിന്റെ 70–ാം വാർഷികത്തിന്റെ ഭാഗമായാണു മോദി വാഴ്‌സയിലെത്തിയത്.4 -5 വർഷത്തിനിടെ പോളണ്ടിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പോളണ്ടിൽനിന്നു അദ്ദേഹം ട്രെയിനിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *