ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെന്ന് ബാലൻ; പി.കെ.ശശിയെ പുകഴ്ത്തി ഗണേഷ്

0
download

1. വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു മുൻ എംഎൽഎ കെ.കെ.ലതിക. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു നിയമപരമായി തെളിയിക്കുമെന്നും ലതിക മാധ്യമപ്രവർത്തകരോടു സംസാരിക്കവേ പറഞ്ഞു. ‘‘ലോക്സഭാ തിരഞ്ഞെടുപ്പിൽ വീടുകൾ കയറി യുഡിഎഫ് വർഗീയ പ്രചാരണം നടത്തി. ഇടതുപക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല. വർഗീയ പ്രചാരണം നടത്തരുതെന്നു കൃത്യമായ നിർദേശം ഉണ്ടായിരുന്നു. റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും’’– ലതിക പറഞ്ഞു.

2. ഫണ്ട് തിരിമറി ആരോപണം നേരിടുന്ന മുതിർന്ന സിപി‌എം നേതാവ് പി.കെ.ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി.ഗണേഷ് കുമാർ. ശശിയെ പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്നു ഗണേഷ് പറഞ്ഞു. പി.കെ.ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഗണേഷിന്റെ നിരുപാധിക പിന്തുണ. ഫണ്ട് തിരിമറി നടത്തിയെന്നു കണ്ടെത്തിയ യൂണിവേഴ്‌സൽ കോളജിലെ പരിപാടിക്കിടെയാണു പരാമർശം.

3. നഗരമധ്യത്തിൽ പ്രതിശ്രുത വധുവിനെ ക്രൂരമായി മർദിച്ച യുവാവിനും സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മരട് സിഐ വ്യക്തമാക്കി. ഇന്നലെ പുലർച്ചെ 4.30നാണ് ജനതാ റോഡിൽ വച്ച് നാലുപേർ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. പെൺകുട്ടി അലറി വിളിച്ചിട്ടും മർദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളിലൂടെ പുറത്തു വന്നു.

4. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ യുവതിയെ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷിത. ആത്മഹത്യയാണെന്നാണ് നിഗമനം.

5. ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരിൽ ആരെങ്കിലുമൊരാൾ പരാതിപ്പെട്ടാൽ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുൻ സാംസ്കാരിക മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.കെ. ബാലൻ. റിപ്പോർട്ട് പുറംലോകം കാണണമെങ്കിൽ കോടതി ഇടപെടണം. കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സർക്കാരിന് ഒന്നും ചെയ്യാൻ പറ്റില്ല. സർക്കാരിനു പരിമിതികളുണ്ട്. ഹേമ കമ്മിറ്റിക്കു മുന്നോട്ടു പോകാൻ കഴിയാത്ത തരത്തിൽ പല പ്രശ്നങ്ങളുമുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *