പീരുമേട്ടിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

തൊടുപുഴ : ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ പുലർച്ചെയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞുവീണ് വീടുകൾക്ക് ഉൾപ്പെടെ നാശനഷ്ടം നേരിട്ടു. പലയിടങ്ങളിലും മരം വീണ് ഗതാഗത തടസ്സം നേരിടുകയും വൈദ്യുതി നിലയ്ക്കുകയും ചെയ്തു. കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പീരുമേട് മേഖലയിലും മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ് – 173.3 മില്ലിമീറ്റർ. തൊടുപുഴയിൽ 137.9 മില്ലിമീറ്ററും മഴ ലഭിച്ചു. ജില്ലയിൽ ഇന്നലെ യെലോ അലർട്ട് ഉണ്ടായിരുന്നെങ്കിലും പകൽ കാര്യമായി മഴയുണ്ടായില്ല. നിലവിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല. എങ്കിലും, വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കാറ്റിനും സാധ്യതയുണ്ട്.