വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാം :ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്

0

തൃശൂർ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുക്കി കാലടി സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട്. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗമാകും തീരുമാനമെടുക്കുക. വിദ്യയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു മുന്‍ എസ്എഫ്ഐ നേതാവായ കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് നടക്കുന്ന ഘട്ടത്തില്‍ കാലടി സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ. ഇതോടെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ സംബന്ധിച്ചും വിവാദമുയര്‍ന്നു. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയെന്നായിരുന്നു ആരോപണം. ഇതോടെയാണ് സിന്‍ഡിക്കറ്റ് അംഗവും ഒറ്റപ്പാലം എംഎൽഎയുമായ കെ.പ്രേംകുമാറിന്‍റെ നേതൃത്വത്തിലുളള സമിതിയെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ചത്. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമേതുമില്ലെന്നാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്‍റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടയേണ്ടതില്ലെന്നാണ് പ്രേംകുമാര്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതി നല്‍കിയ റിപ്പോര്‍ട്ടിൽ പറയുന്നത്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംവരണ ചട്ടം പാലിക്കാതെയാണെന്ന ആരോപണത്തിലും കഴമ്പില്ലെന്നും അന്വേഷണ സമിതി കണ്ടെത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *