നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിൽ വലിയ കുതിപ്പ്

0

ദില്ലി: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിലും വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്. പാരീസ് ഒളിംപിക്സിന് മുമ്പ് ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാവാന്‍ നീരജ് മൂന്ന് കോടി രൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ പാരീസ് ഒളിംപിക്സിലും മെഡല്‍ നേടിയതോടെ അത് 50 ശതമാനമെങ്കിലും ഉയരുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ബ്രാന്‍ഡ് മൂല്യമുള്ള ക്രിക്കറ്റ് സൂപ്പര്‍ താരങ്ങളായ വിരാട് കോലി, എം എസ് ധോണി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ എന്നിവരുടെ നിരയിലേക്ക് നീരജും ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നീരജ് നിലവില്‍ 24 വിഭാഗങ്ങളിലായി 21 ബ്രാന്‍ഡുകളുടെ അംബാസഡറാണ്. ഇന്ത്യൻ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയെക്കാള്‍ കൂടുതല്‍ ബ്രാന്‍ഡുകള്‍ നീരജിന്‍റെ ഒപ്പമുണ്ട്. 20 ബ്രാന്‍ഡുകളുമായാണ് ഹാര്‍ദ്ദിക്കിന് പരസ്യ കരാറുള്ളത്.

ഈ വര്‍ഷം അവസാനത്തോടെ നീരജിന് 32-34 ബ്രാന്‍ഡുകളുമായെങ്കിലും കരാറൊപ്പിടാനാവുമെന്നും ഇന്ത്യയിലെ പല പ്രധാന ക്രിക്കറ്റ് താരങ്ങളെയും പരസ്യ വരുമാനത്തില്‍ നീരജ് പിന്നിലാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറ‍യുന്നു. ആറ് മുതല്‍ എട്ട് ബ്രാന്‍ഡുകള്‍ വരെ നിലവില്‍ പരസ്യ കരാറുകള്‍ക്കായി നീരജിന്‍റെ പിന്നാലെയുണ്ടെന്ന് നീരജിന്‍റെ പരസ്യ കരാറുകള്‍ നോക്കുന്ന ജെ എസ് ഡബ്ല്യു സ്പോര്‍ട്സ് സിഇഒ ദിവ്യാന്‍ഷു സിംഗ് പറഞ്ഞു.പാരീസ് ഒളിംപിക്സിനുശേഷം നീരജിന്‍റെ പരസ്യനിരക്കില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ധന പ്രതീക്ഷിക്കാമെന്നും ദിവ്യാന്‍ഷു സിംഗ് വ്യക്തമാക്കി. ഇതോടെ നീരജിന്‍റെ പരസ്യ നിരക്കുകള്‍ നാലു മുതല്‍ നാലരക്കോടി രൂപവരെയാകും. ആഡംബര വാച്ച് നിര്‍മാതാക്കളായ ഒമേഗ, ഗില്ലെറ്റ്, സാംസങ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെയെല്ലാം ബ്രാന്‍ഡ് അംബാസഡറാണ് നിലവില്‍ നീരജ് ചോപ്ര.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *