ഷിരൂർ ദൗത്യം; കാലാവസ്ഥ അനുകൂലമായാൽ തുടരുമെന്ന് സംസ്ഥാനസർക്കാർ

0

ബെം​ഗളൂരു : കർണാടകയിലെ അങ്കോളയ്ക്ക് അടുത്തുള്ള ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ വീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനായുള്ള തെരച്ചിൽ അനുകൂലസാഹചര്യം വന്നാൽ തുടരാൻ തയ്യാറെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ. ഇടവിട്ട് പശ്ചിമഘട്ടത്തിൽ പെയ്ത മഴയിൽ പുഴയിലെ ഒഴുക്ക് കൂടിയിരുന്നു. ഒരു മുങ്ങൽ സംഘത്തിന് ഇറങ്ങി തെരച്ചിൽ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും മുങ്ങൽ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

നിലവിൽ തെരച്ചിലിനുള്ള തടസ്സങ്ങളെന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതി വിവര റിപ്പോർട്ടിൽ നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. മരിച്ചവർക്കുള്ള ധനസഹായമോ അവരുടെ കുടുംബങ്ങൾക്കുള്ള പുനരധിവാസത്തിന്‍റെ വിവരങ്ങളോ ഉണ്ടോ എന്ന് കോടതി ചോദിച്ചു. അത് കൂടി ചേർത്ത് പുതിയ റിപ്പോർട്ട് നൽകാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ റിപ്പോർട്ടിൽ എതിർവാദങ്ങൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കാൻ ഹർജിക്കാരോടും കോടതി നിർദേശിച്ചു.

ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായി ജില്ലാ ഭരണകൂടം സ്ഥിതിവിവര റിപ്പോർട്ടിൽ കോടതിയെ അറിയിച്ചിട്ടുണ്ട്. ഗോവയിൽ നിന്ന് ഡ്രെഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും സ്ഥിതിയും അടക്കം അറിയാനാണ് ഹൈഡ്രോഗ്രാഫിക് പരിശോധന നടത്തിയത്. ഇതനുസരിച്ച് ടഗ് ബോട്ടിൽ ഡ്രെഡ്ജർ എത്തിക്കാനുള്ള റൂട്ട് തീരുമാനിച്ചു. മൊത്തത്തിൽ ഇതിന് 96 ലക്ഷം രൂപ ചെലവ് വരും എന്നും കോടതിയിൽ ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് ഇനി സെപ്റ്റംബർ 18-ന് പരിഗണിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *