അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകനെ തെരഞ്ഞ് പൊലീസ്

0

കുണ്ടറ : കൊല്ലം കുണ്ടറയില്‍ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മകന്‍ അഖില്‍കുമാറിനെ തെരഞ്ഞ്
പൊലീസ്. പ്രതിയെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസിറക്കി. കുണ്ടറ പടപ്പക്കരയിലെ വീട്ടില്‍ പുഷ്പലതയെ ആണ് മകൻ കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17ആം തീയതി രാവിലെയാണ് പുഷ്പലതയുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇന്ത്യയിലുടനീളം ഇടക്കിടെ യാത്ര ചെയ്യുക പതിവുള്ളയാളാണ് അഖിൽ. അതിനാൽ തന്നെ ഇയാൾ കേരളം വിട്ട് പോയിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

അഖില്‍കുമാറിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് അന്വേഷണം തുടരുകയാണ്. രാജ്യത്തിന്‍റെ പലഭാഗങ്ങളിലും യാത്ര നടത്തി ശീലമുള്ളയാളായതിനാൽ പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് കുണ്ടറ പൊലീസ്. ലഹരിക്ക് അടിമയായ അഖിൽ പണം നല്‍കാത്തതിന്‍റെ പേരിലാണ് അമ്മ പുഷ്പലതയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ പതിനാറാം തീയതി വൈകിട്ടാണ് കൊലപാതകം നടന്നെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ചുറ്റികയും കൂര്‍ത്ത ഉളിയും ഉപയോഗിച്ചാണ് അമ്മയെ അഖില്‍ കൊലപ്പെടുത്തിയത്. ചുറ്റികകൊണ്ട് തലയ്ക്ക് പലതവണ അടിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് ശേഷം അഖിൽ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോവുകയായിരുന്നു. പ്രതിക്കായി കുണ്ടറ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കൊല്ലത്ത് നിന്നുള്ള പൊലീസ് സംഘം പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ജില്ലകളില്‍ അന്വേഷണം തുടരുകയാണ്.

രാജ്യത്തിന്‍റെ പലഭാഗങ്ങളിലും ഒറ്റയ്ക്ക് യാത്ര നടത്തിയിട്ടുള്ളയാളാണ് അഖില്‍ കുമാറെന്നും അതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും ഇയാൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് ഈ വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ലഹരിയുടെ പുറത്താണോ പുഷ്പലതയെ കൊലപ്പെടുത്തിയതെന്നും സംശയിക്കുന്നു. അമ്മയെ കൊലപ്പെടുത്തിയ കേസിന് പുറമേ മുത്തച്ഛന്‍ ആന്‍റണിയെ ആക്രമിച്ചതിന് പ്രതിക്കെതിരെ കൊലപാതകശ്രമ കുറ്റവും ചുമത്തിയിട്ടുണ്ട്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആന്‍റണി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *