സിനിമാ മേഖലയിൽ ഞെട്ടിക്കുന്ന ലൈംഗിക ചൂഷണം: ഹേമ കമ്മിറ്റി റിപ്പോർട്ട്

0

കൊച്ചി: സിനിമാ രംഗത്തുനിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നു. ജസ്റ്റിസ് കെ. ഹേമ തയാറാക്കിയ റിപ്പോർട്ട് അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിയന്ത്രിതമായി വെളിച്ചം കാണുന്നത്.

മലയാളം സിനിമാ മേഖലയിലെ സ്ത്രീകൾ തീവ്രമായ വിവേചനം നേരിടുന്നു എന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിഫലം അടക്കമുള്ള കാര്യങ്ങളിൽ സ്ത്രീകൾക്കെതിരേ വിവേചനം പാടില്ലെന്ന ശുപാർശയും റിപ്പോർട്ടിലുണ്ട്. സിനിമാ ലോകത്തിനുള്ളത് പുറംമോടി മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു

എന്നാൽ, സിനിമയിലെ സ്ത്രീകൾ നേരിടുന്ന രൂക്ഷമായ ലൈംഗിക അതിക്രമങ്ങളും അവഹേളനങ്ങളും സംബന്ധിച്ച മൊഴികൾ കേട്ട് ഞെട്ടിയെന്നും റിപ്പോർട്ടിൽ തുറന്നു പറയുന്നു.

സിനിമയിൽ വരുന്ന സ്ത്രീകൾ പണമുണ്ടാക്കാൻ മാത്രം വരുന്നവരാണെന്ന ധാരണ സിനിമാ രംഗത്തുണ്ട്. അതുകൊണ്ടു തന്നെ അവരെ പലതരത്തിലുള്ള വിട്ടുവീഴ്ചകൾക്കും നിർബന്ധിക്കുന്നു. തയാറാകാത്തവർ ഭീഷണികൾ നേരിടും. ഭാവി തന്നെ നശിപ്പിക്കുന്ന തരത്തിലേക്ക് ഇത് എത്താറുമുണ്ടെന്നും കണ്ടെത്തൽ.

ജൂനിയർ ആർട്ടിസ്റ്റുമാരായി എത്തുന്ന പെൺകുട്ടികളെ ഇത്തരത്തിൽ വ്യാപകമായി ചൂഷണം ചെയ്യുന്നു. പ്രധാന റോളുകൾ നൽകാമെന്ന വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത്തരം ലൈംഗിക ചൂഷണങ്ങൾ നടക്കുന്നത്. ഇത്തരത്തിലുള്ള വിതരണത്തിന് വാട്ട്സാപ്പ് ഗ്രൂപ്പുകൾ വരെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ.

ഇടനിലക്കാർ പ്രൊഡക്ഷൻ കൺട്രോളർമാർ

പ്രൊഡക്ഷൻ കൺട്രോളർമാരാണ് സിനിമാ രംഗത്തെ സ്ത്രീകളെ സിനിമാ രംഗത്തെ പല പ്രമുഖർക്കും എത്തിച്ചു കൊടുക്കുന്നത് അടക്കമുള്ള പല ദുഷ്പ്രവണതകൾക്കും കൂട്ടുനിൽക്കുന്നതെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു.

നിർമാതാക്കൾ അടക്കമുള്ള വലിയ മാഫിയയുടെ നിയന്ത്രണത്തിലാണ് മലയാള സിനിമാ മേഖല. പരാതി പറയുന്നവരെ വിലക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നതിനു പിന്നിൽ ഈ മാഫിയയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

നിഷ്ഫലമായ പരാതികൾ

പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് പരാതി പറയാനുള്ള സംവിധാനം പോലുമില്ല. ഇതിനായി ഐസിസി രൂപീകരണം നിർബന്ധമാക്കിയിരുന്നെങ്കിലും ഇതൊക്കെ കടലാസിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ സർക്കാർ തലത്തിലുള്ള പരാതി പരിഹാരം സംവിധാനം തന്നെ രൂപീകരിക്കണമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.

ശുപാർശകൾ

മദ്യവും മയക്കുമരുന്നും സിനിമാ ലൊക്കേഷനുകളിൽ നിരോധിക്കപ്പെടണം എന്നതാണ് മറ്റൊരു പ്രധാന ശുപാർശ. സിനിമയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് തങ്ങാനും യാത്ര ചെയ്യാനും സുരക്ഷിതമായ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവർ അതേ മേഖലയിലുള്ള മറ്റൊരാൾക്കും വിലക്കേർപ്പെടുത്താൻ പാടില്ലെന്നും ജസ്റ്റിസ് ഹേമ ശുപാർശ ചെയ്യുന്നു.

വഴിത്തിരിവായത് നടി ആക്രമിക്കപ്പെട്ട സംഭവം

2017ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ കേരള സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിക്കുന്നത്.

നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി രണ്ടു മണിക്കൂറോളം പീഡിപ്പിക്കുകയും ഇത് വീഡിയോയിൽ പകർത്തുകയും ചെയ്തെന്നാണ് കേസ്. നടൻ ദിലീപ് അടക്കമുള്ളവർ ഇതിൽ പ്രതികളാണ്.

2019ൽ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ മാത്രമാണ് പുറത്തുവിടുന്നത്. വ്യക്തിപരമായ വിവരങ്ങളും മൊഴി നൽകിയവരുടെ വിവരങ്ങളും ഒഴിവാക്കിയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ നടി രഞ്ജിനിയും അടക്കമുള്ളവർ റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരേ ഹർജികൾ നൽകിയിരുന്നെങ്കിലും, പുറത്തുവിടുന്നത് വൈകിയെന്നല്ലാതെ തടയാൻ സാധിച്ചില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *