കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഡയറി പ്രധാന തെളിവായേക്കും;പ്രതിയെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയനാക്കാൻ CBI
കൊല്‍ക്കത്ത: ആര്.ജി. കര് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ സ്വകാര്യ ഡയറി രക്ഷിതാക്കൾ അന്വേഷണസംഘത്തിന് കൈമാറിയതായി റിപ്പോർട്ട്. ഡോക്ടർ സൂക്ഷിച്ചിരുന്ന ഈ ഡയറിയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഡോക്ടറുടെ മാനസികാവസ്ഥ എന്തായിരുന്നു എന്നത് കണ്ടെത്താൻ ഡയറി നിർണായകമാകും.
കേസിൽ അറസ്റ്റിലായ സഞ്ജയ് റോയിയുമായി യുവതിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും ഇയാളിൽനിന്ന് ഭീഷണി നേരിട്ടിരുന്നോ എന്നതുൾപ്പടെ അറിയാൻ അന്വേഷണസംഘം ഡയറി വിശദമായി പരിശോധിക്കുന്നുണ്ട്. ഡയറിക്ക് പുറമെ, വിവരങ്ങൾ ശേഖരിക്കാൻ ഡോക്ടറുടെ നോട്ട് പാഡും പരിശോധിക്കുമെന്നാണ് വിവരം.
മെഡിക്കൽ കോളേജിലെ ചില കാര്യങ്ങളിൽ മകൾക്ക് അതൃപ്തി ഉണ്ടായിരുന്നെന്നും അവിടേക്ക് പോകാൻ അവൾക്ക് താൽപര്യം ഉണ്ടായിരുന്നില്ലെന്നും മാതാപിതാക്കൾ മാധ്യമങ്ങളോടും അന്വേഷണ സംഘത്തോടും നേരത്തേ പറഞ്ഞിരുന്നു.
അതേസമയം, പിടിയിലായ സഞ്ജയ് റോയിയെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയനാക്കാനാണ് സി.ബി.ഐ നീക്കം. ഇതിനായി മന:ശാസ്ത്ര വിദഗ്ധരുടെ സംഘം ഞായറാഴ്ച കൊൽക്കത്തയിലെത്തും. അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം ഇയാളുടെ താമസസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ ശനിയാഴ്ചയും സി.ബി.ഐ ചോദ്യംചെയ്തിരുന്നു. 13 മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനുശേഷം രാത്രി 11.30-നാണ് ഇയാളെ വിട്ടയച്ചത്. ചോദ്യംചെയ്തശേഷം വെള്ളിയാഴ്ച വിട്ടയച്ചതിനുപിന്നാലെയാണ് ശനിയാഴ്ച ഹാജരാകാൻ അന്വേഷണസംഘം സന്ദീപിനോട് ആവശ്യപ്പെട്ടത്. സംഭവം നടക്കുമ്പോൾ സന്ദീപ് ഘോഷ് ജോലിയിലുണ്ടായിരുന്നു. കൃത്യം നടന്ന ദിവസം ആശുപത്രിയിൽ ഭക്ഷണമെത്തിച്ചയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആശുപത്രി കേന്ദ്രീകരിച്ച് ചില നിയമവിരുദ്ധപ്രവർത്തനങ്ങൾ നടന്നതായി സി.ബി.ഐ.ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പരാതി നല്കാൻ വൈകിയതും ആത്മഹത്യയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് അന്വേഷണസംഘം.