കർഷകർക്ക് വിവിധ സേവനങ്ങളുമായി കതിർ ആപ്പ്

0

കർഷകരുടെ വിവിധ ആവശ്യങ്ങൾക്ക് ഒരു ഏകജാലക സംവിധാനം എന്നരീതിയിൽ കതിർ മൊബൈൽ ആപ്പും വെബ് പോർട്ടലും ഇന്നുമുതൽ നിലവിൽവരുകയാണ്. കാർഷിക പദ്ധതികൾക്കുള്ള അപേക്ഷ, മണ്ണ് പരിശോധന, കീടരോഗ നിയന്ത്രണമാർഗ നിർദേശങ്ങൾ, വിപണനം, കാർഷിക യന്ത്രങ്ങളുടെ സേവനം, കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടങ്ങി കർഷകർക്ക് കൃഷിയിടത്തിൽനിന്നുതന്നെ വിവിധ സേവനങ്ങൾ ആപ്പിലൂടെ ആവശ്യപ്പെടാം. മൂന്നുഘട്ടങ്ങളായാണ് ആപ്പ് പൂർണസജ്ജമാകുന്നത്. പ്ലേസ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാം. ആദ്യഘട്ടത്തിൽ നൽകുന്ന സേവനങ്ങൾ.

കാലാവസ്ഥാ വിവരങ്ങൾ

കർഷകരുടെ വിവരശേഖരണത്തിനുശേഷം ഓരോ കർഷകൻറെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിർദേശങ്ങളും രോഗകീട നിയന്ത്രണ നിർദേശങ്ങളും നൽകുന്നു.

മണ്ണ് പരിശോധന

സ്വയം മണ്ണ് സാംപിൾ ശേഖരിക്കാനും സാംപിൾവിവരങ്ങൾ പോർട്ടലിലേക്ക് നൽകുവാനും സാധിക്കും. ആവശ്യമെങ്കിൽ മണ്ണ് സാംപിൾ ശേഖരിക്കുന്നതിനായി കൃഷി ഉദ്യോഗസ്ഥർക്ക് വിവരം നൽകാനും കഴിയും. കൃഷിയിടത്തിലെ മണ്ണിൻറെ നിലവിലെ പോഷകനില സംബന്ധിച്ച വിവരങ്ങൾ കർഷകന് നൽകുന്നു.

പ്ലാൻറ് ഡോക്ടർ സംവിധാനം

കീടങ്ങളും രോഗങ്ങളും സംബന്ധിച്ച കർഷകരുടെ സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. കർഷകർക്ക് ചിത്രങ്ങളെടുത്ത് കൃഷി ഓഫീസർക്കു അയക്കുന്നതിനുള്ള സംവിധാനങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

കാർഷികപദ്ധതി വിവരങ്ങൾ

കേരള സർക്കാരിൻറെ കാർഷികപദ്ധതികളിലെ ആനുകൂല്യങ്ങൾനേടുന്നതിനുള്ള ഒറ്റക്ലിക്ക് അപേക്ഷാസംവിധാനം

കൃഷിഭൂമിസംബന്ധമായ വിവരങ്ങൾ

കൃഷിഭൂമിസംബന്ധിച്ച വിശദാംശങ്ങൾ പോർട്ടലിൽനിന്നും ലഭിക്കും. റവന്യു വകുപ്പിൻറെ കൈവശമുള്ള ഭൂമിസംബന്ധിച്ച രേഖകളും സർവേവകുപ്പിൻറെ ഭൂരേഖസംബന്ധിച്ച വിവരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് കേന്ദ്രീകൃത വിവരശേഖരമായി കതിർ പോർട്ടലിൽ ലഭ്യമാക്കും. കർഷകർക്ക് വിവിധ പദ്ധതികൾക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ഓരോ അപേക്ഷയോടൊപ്പവും ഭൂമിസംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല.

കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉത്പാദനോപാധികളുടെ ലഭ്യത, കാർഷികയന്ത്രങ്ങളുടെയും മാനവവിഭവശേഷിയുടെയും ലഭ്യത, സേവനങ്ങൾ പൂർണതോതിൽ കർഷകരിലേക്കെത്തിക്കൽ, വിപണി-വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങൾ രണ്ടാംഘട്ടത്തിലും വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭത്തിലെ വിളനാശത്തിനുള്ള നഷ്ടപരിഹാരം, കർഷകരുടെ ഗുണനിലവാരുള്ള ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിനുള്ള സംവിധാനം തുടങ്ങിയ സേവനങ്ങൾ മൂന്നാംഘട്ടത്തിലും കതിർ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി കർഷകരിലെത്തിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *