8.85%വരെ പലിശ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ബാങ്കുകൾ
പ്രത്യേക കാലയളവുകളില്‍ കൂടുതല്‍ പലിശയുമായി ഓഗസ്റ്റിലും ബാങ്കുകള്‍ നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചു. ആര്‍ബിഎല്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ് പ്രത്യേക കാലയളവിലെ നിക്ഷേപ പദ്ധതി ഈയിടെ പ്രഖ്യാപിച്ചത്.
ആര്‍ബിഎല്‍ ബാങ്ക്
വിജയ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ്-എന്ന പേരിലാണ് ആര്‍ബിഎല്‍ ബാങ്ക് പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. രാജ്യത്തെ ധീര സൈനികരെ അനുസ്മരിച്ചുകൊണ്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് ബാങ്ക് അറിയിച്ചു. വിജയ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് പ്രകാരം 500 ദിവസത്തെ കാലയളവിലാണ് നിക്ഷേപം സ്വീകരിക്കുക.
ഫെഡറല്‍ ബാങ്ക്
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ഫെഡറല്‍ ബാങ്ക് സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചത്. അതുപ്രകാരം 400 ദിവസത്തെ നിക്ഷേപത്തിന് സാധാരണക്കാര്‍ക്ക് 7.35 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.85 ശതമാനവും പലിശ ലഭിക്കും. 777 ദിവസത്തെ നിക്ഷേപത്തിന് യഥാക്രമം 7.40 ശതമാനവും 7.90 ശതമാനവുമാണ് പലിശ. 50 മാസത്തെ എഫ്ഡിക്കും സമാനമായ പലിശ ലഭിക്കും.
ഒരു കോടി രൂപയ്ക്ക് മുകളിലുള്ള 400 ദിവസ കാലയളവിലെ നിക്ഷേപത്തിന് സാധാരണക്കാര്‍ക്ക് 7.50 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്നവര്‍ക്ക് എട്ട് ശതമാനം പലിശ ലഭിക്കും. 777 ദിവസത്തെ നിക്ഷേപത്തിന് യഥാക്രമം 7.55 ശതമാനവും 8.05 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 50 മാസത്തെ നിക്ഷേപത്തിനും സമാനമായ പലിശ ലഭിക്കും. പരിമിതമായ കാലത്തേക്കായിരിക്കും ഉയര്‍ന്ന പലിശയെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
ഐഡിബിഐ ബാങ്ക്
ഉത്സവ് എന്ന പേരില്‍ 300 ദിവസത്തെ പ്രത്യേക നിക്ഷേപ പദ്ധതിയാണ് ഐഡിബിഐ ബാങ്ക് പ്രഖ്യാപിച്ചത്. സാധാരണക്കാര്‍ക്ക് 7.05 ശതമാനവും മുതിര്‍ന്നവര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കും. 700 ദിവസത്തെ നിക്ഷേപത്തിന് യഥാക്രമം 7.20 ശതമാനവും 7.70 ശതമാനവുമാണ് പലിശ.
375 ദിവസത്തെ ഉത്സവ് നിക്ഷേപ പദ്ധതിയുടെ പലിശ 7.15 ശതമാനത്തില്‍നിന്ന് 7.25 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്. മുതിര്‍ന്നവരുടേതാകട്ടെ 7.65 ശതമാനത്തില്‍നിന്ന് 7.75 ശതമാനമായും കൂട്ടി. 444 ദിവസത്തെ നിക്ഷേപ പലിശ 7.25 ശതമാനത്തില്‍നിന്ന് 7.35 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.75 ശതമാനത്തില്‍നിന്ന് 7.85 ശതമാനവുമായും പലിശ വര്‍ധിപ്പിച്ചു.