ഉദയ്പൂരിൽ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു; നിരോധനാജ്ഞ, ഇന്റർനെറ്റ് നിരോധിച്ചു
ജയ്പൂര്‍: സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനവും ഏർപ്പെടുത്തി. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചതിന് പിന്നാലെയാണ് ചേരിതിരിഞ്ഞുള്ള ആക്രമണമുണ്ടായത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം.
ആക്രമണത്തിൽ മൂന്നോ നാലോ കാറുകള്‍ അഗ്നിക്കിരയായി. നഗരത്തിലെ ബാപ്പൂ ബസാര്‍, ഹാത്തിപോലെ, ചേതക് സര്‍ക്കിള്‍ അടക്കമുള്ള മേഖലകളിലെ മാര്‍ക്കറ്റുകള്‍ ഇന്നലെ വൈകിട്ടോടെ അടച്ചു. ഷോപ്പിങ് മാളിനു നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ജനം തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് നീക്കി.
പരുക്കേറ്റ വിദ്യാർഥിയുടെ നില ഗുരുതരമല്ലെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും കലക്ടര്‍ അറിയിച്ചു. ജനം വ്യാജ പ്രചരണങ്ങളില്‍ വീഴരുത്. കുട്ടിയെ കുത്തിപരുക്കേല്‍പ്പിച്ചയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നഗരം പൂർണമായും പൊലീസ് നിരീക്ഷണത്തിലാണെന്നും കലക്ടർ അറിയിച്ചു.