പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കെസിഎ പരിശീലകനെതിരെ കേസ്

0

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ എം. മനുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. 4 കേസുകളിലാണു കുറ്റപത്രം സമർപ്പിച്ചത്. പോക്സോ, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയവയാണു കുറ്റങ്ങൾ. അറസ്റ്റിലായതോടെ മനുവിനെ പരിശീലക സ്ഥാനത്തുനിന്നും നീക്കിയിരുന്നു. 2017-18 കാലയളവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് 6 കേസുകളാണു മനുവിനെതിരെ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വച്ചാണ് കേസെടുത്തത്. മനുവിന്റെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

ആറു വര്‍ഷം മുന്‍പ് നടന്ന പീഡനശ്രമക്കേസില്‍ ജൂണ്‍ 12ന് ആണ് മനുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ 6 പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പരാതി നൽകിയിരുന്നു. ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ പതിനൊന്നുകാരിയെ വാഷ്‌റൂമില്‍ വച്ച് കടന്നുപിടിച്ചു ലൈംഗികാതിക്രമം നടത്തിയെന്നാണ് ആദ്യത്തെ കേസ്. ആറ്റിങ്ങലിലും തെങ്കാശിയിലും നടന്ന ടൂര്‍ണമെന്റുകള്‍ക്കിടയിലും പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി പരാതിയുണ്ട്. പറയുന്നത് അനുസരിക്കാത്ത പെണ്‍കുട്ടികളെ പരിശീലനത്തില്‍ നിന്ന് പുറത്താക്കുകയും ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാതെ ഒഴിവാക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറഞ്ഞു. കെസിഎ ആസ്ഥാനത്തെ ജിമ്മിലും ശുചിമുറിയിലും വച്ചാണ് പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്നാണ് പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *