ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല;നടി രഞ്ജിനിയുടെ ഹർജിക്കു പിന്നാലെ
കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്നും പുറത്തുവിടില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് നടി അപ്പീൽ നൽകിയത്. ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.
ഹേമ കമ്മിറ്റി റിപ്പോർട്ട് ഓഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. 233 പേജുള്ള റിപ്പോർട്ടാകും പുറത്തുവിടുകയെന്നും നേരത്തെ പരസ്യമാക്കാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ഭാഗങ്ങൾ ഒഴിവാക്കിത്തന്നെയാണ് റിപ്പോർട്ട് വെളിച്ചംകാണുകയെന്നും വിവരമുണ്ടായിരുന്നു. എന്നാൽ ഇതിന് തൊട്ടുമുൻപേ വെള്ളിയാഴ്ച നടി രഞ്ജിനി ഹെെക്കോടതിയെ സമീപിച്ചത്. മുമ്പ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
“ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ ഉള്ളടക്കം അറിയാതെ എങ്ങനെ അത് പ്രസിദ്ധീകരിക്കും. റിപ്പോർട്ട് പുറത്തുവിടണ്ട എന്നല്ല ഞാൻ പറയുന്നത്. എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് അറിയണം. ഞാൻ പറഞ്ഞ കാര്യങ്ങളിൽ എന്താണ് റിപ്പോർട്ടിൽ ഉള്ളതെന്ന് എനിക്ക് അറിയില്ല. അവർ എനിക്ക് അതിൻ്റെ കോപ്പി നൽകിയിട്ടില്ല. അങ്ങനെയുള്ളപ്പോൾ എങ്ങനെ റിപ്പോർട്ട് വെളിപ്പെടുത്തും. ആരെങ്കിലും ഈ ചോദ്യം ചോദിക്കുമെന്ന് ഞാൻ കരുതി. വനിത കമ്മീഷൻ പോലും ഇക്കാര്യം ചോദിച്ചില്ല. സ്വകാര്യത സംരക്ഷിക്കുമെന്ന് പറഞ്ഞിട്ടാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോർട്ട് വിശദമായി പഠിക്കണം.” ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയേക്കുറിച്ച് കഴിഞ്ഞദിവസം രഞ്ജിനി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചതിങ്ങനെ.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിക്കാൻ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതി ഏറെ ശ്രദ്ധയാണ് തുടക്കം മുതലേ നേടിയത്.
2017-ൽ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു സർക്കാർ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിൽ കമ്മീഷൻ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.