ജീവനൊടുക്കാൻ തോന്നിയ ആർത്തവകാലം, തിരിച്ചറിയാൻ വൈകി; ചിരിക്ക് പിന്നിലെ ജീവിതരഹസ്യം പറഞ്ഞ് ബെല്ല
സ്വന്തം ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ഏടുകൾ നർമം ചാലിച്ച് അവതരിപ്പിക്കലാണ് മിക്ക സ്റ്റാൻഡ്അപ് കൊമേഡിയൻസും ചെയ്യാറുള്ളത്. എന്നാൽ വേദനനിറഞ്ഞ ആർത്തവത്തെ ഹാസ്യരൂപേണ അവതരിപ്പിക്കാൻ തീരുമാനിച്ചതാണ് ബെല്ലാ ഹംഫ്രീസ് എന്ന നോർത്ത് വെയിൽസ് സ്വദേശിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡർ(PMDD) സ്ഥിരീകരിച്ചതിനേക്കുറിച്ചാണ് മുപ്പതുകാരിയായ ബെല്ല തന്റെ ആദ്യ ഷോയിൽ അവതരിപ്പിച്ചത്.
ബി.ബി.സി.യിലൂടെയാണ് ബെല്ല തന്റെ ജീവിതകഥ പങ്കുവെച്ചത്. എല്ലാ ആർത്തവനാളുകളിലും മൂഡ് സ്വിങ്സ്, വിഷാദം, ഉത്കണ്ഠ തുടങ്ങിയവയാൽ ബെല്ല വലഞ്ഞിരുന്നു. തുടർപരിശോധനയിലാണ് പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡറാണെന്ന് വ്യക്തമായത്. ഓരോ മാസവും ഇതിനോടനുബന്ധിച്ച് ആത്മഹത്യാചിന്തകളിലൂടെ വരെ കടന്നുപോയിട്ടുണ്ടെന്ന് ബെല്ല പറയുന്നു. ആർത്തവത്തിന്റെ ഒരാഴ്ച മുമ്പാണ് ഇത്തരം ലക്ഷണങ്ങൾ പ്രകടമാവുക. എന്നാൽ വർഷങ്ങളോളം ഇത് ആർത്തവത്തോടനുബന്ധിച്ച് സാധാരണമായി പ്രകടമാവുന്നതാവുമെന്ന് ബെല്ല കരുതി.
സ്വയംവേദനിപ്പിക്കണമെന്നും ജീവിതം അവസാനിപ്പിക്കണമെന്നുമൊക്കെ തോന്നിയിരുന്നു. ശരിക്കും ഒരു ഇരുണ്ട കാലമായിരുന്നു അത്. പിന്നീട് തന്റെ ലക്ഷണങ്ങൾ ഓൺലൈനിൽ പരതിയപ്പോഴാണ് സംശയം തോന്നിയത്. വിദഗ്ധ പരിശോധന നടത്തിയപ്പോൾ പി.എം.ഡി.ഡി.യാണെന്ന് വ്യക്തമായത്. തന്നെപ്പോലെ നിരവധിപേർ ഇതേ ആരോഗ്യപ്രശ്നവുമായി ജീവിക്കുന്നുണ്ടാവുമെന്ന് ആലോചിച്ച ബെല്ല അവരെ സ്റ്റാൻഡ‍്അപ് കോമഡിയിലൂടെ ബോധവൽക്കരിക്കാമെന്ന് തീരുമാനിച്ചു.
പി.എം.ഡി.ഡി.യേക്കുറിച്ച് തുറന്നുപറഞ്ഞതിനു പിന്നാലെ നിരവധിപേരാണ് ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ച് പങ്കുവെച്ചതെന്ന് ബെല്ല പറയുന്നു.ആഗോളതലത്തിൽ ഏകദേശം മൂന്നിലധികം കോടി സ്ത്രീകളും പെൺകുട്ടികളും പ്രീമെൻസ്ട്രുവൽ ഡിസ്ഫോറിക് ഡിസോർഡറുമായി ജീവിക്കുന്നുണ്ടെന്ന് ഓക്‌സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു.
Prb പ്രീമെൻസ്ട്ര്വൽ സിൻഡ്രോം (പി.എം.എസ്.) എന്ന അവസ്ഥയുടെ കുറച്ചുകൂടി ഗുരുതരമായ അവസ്ഥയാണ് പി.എം.ഡി.ഡി.
പ്രീ മെൻസ്ട്ര്വൽ ഡിസ്ഫോറിക് ഡിസോർഡർ ?
പി.എം.എസിന്റെ ഗുരുതരമായ അവസ്ഥയാണ് പ്രീമെൻസ്ട്ര്വൽ ഡിസ്ഫോറിക് ഡിസോർഡർ. പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളേയാണ് ബാധിക്കുന്നത്. പി.എം.ഡി.ഡി.യുടെ യഥാർഥ കാരണം എന്താണെന്നതു സംബന്ധിച്ച ഗവേഷണങ്ങൾ നടന്നുവരികയാണ്. ഓരോ ആർത്തവ ചക്രത്തിലുമുണ്ടാകുന്ന ഹോർമോൺ അസന്തുലിതാവസ്ഥയുടെ അസ്വാഭാവിക പ്രതികരണമാകാം എന്നും കരുതുന്നുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ സെറോടോണിൻ ഉത്പാദനം കുറയ്ക്കാം. ഇതും മാനസികാരോഗ്യത്തെ ബാധിക്കാം.
ലക്ഷണങ്ങൾ
ആർത്തവത്തിന് ഒരാഴ്ച്ച മുമ്പു തുടങ്ങി ആർത്തവം തുടങ്ങി ഏതാനും ദിവസങ്ങൾ കൂടി നീണ്ടുനിൽക്കുന്ന രീതിയിലാണ് ലക്ഷണങ്ങൾ പ്രകടമാവുക. ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളെപ്പോലും ബാധിക്കാം. അസ്വസ്ഥത, ദേഷ്യം, ഉറക്കക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ്, അമിതക്ഷീണം, ഉത്കണ്ഠ, ആശയക്കുഴപ്പം, ആർത്തവകാലത്ത് വണ്ണംവെക്കൽ, കൈകാലുകളിലെ വീക്കം, കാഴ്ച്ചസംബന്ധമായ പ്രശ്നങ്ങൾ, അടിവയറിൽ കടുത്തവേദന, വയറുവീർക്കുക, മലബന്ധം, ഛർദി, ഓക്കാനം, പുറംവേദന, ചർമം ചൊറിഞ്ഞു തടിക്കൽ, തലവേദന, തലചുറ്റൽ, അമിതമായ ചൂട്, ലൈംഗിക താൽപര്യക്കുറവ്, വേദനാജനകമായ ആർത്തവം തുടങ്ങിയവ ലക്ഷണങ്ങളാണ്.
ലക്ഷണങ്ങൾ പ്രകടമായാൽ വിദഗ്ധസഹായം തേടുകയും ആവശ്യമെങ്കിൽ ചികിത്സ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. മരുന്നുചികിത്സയ്ക്കൊപ്പം ഭക്ഷണരീതിയിലെ മാറ്റം, വ്യായാമം, സമ്മർദം കൈകാര്യം ചെയ്യാനുള്ള മാർഗങ്ങൾ തുടങ്ങിയവയും പാലിക്കേണ്ടതാണ്.