കോഴിക്കോട് 26 കിലോ സ്വര്‍ണവുമായി ബാങ്ക് മാനേജര്‍ മുങ്ങിയ;സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0

കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്രാ വടകര ബ്രാഞ്ചില്‍നിന്ന് 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി ലക്ഷ്യംവെച്ചത് കൂടുതല്‍ സ്വര്‍ണം പണയം വെച്ച അക്കൗണ്ടുകളാണെന്നാണ് വിവരം. 40 പവനില്‍ കൂടുതല്‍ സ്വര്‍ണം പണയംവെച്ച അക്കൗണ്ടുകള്‍ ലക്ഷ്യമാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. ഇതില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത് പകരം മുക്കുപണ്ടം വെയ്ക്കുകയായിരുന്നു.

42 ഇടപാടുകളിലായുള്ള സ്വര്‍ണമാണ് ബാങ്കില്‍ നിന്നും നഷ്ടമായത്. തട്ടിപ്പിന് ഇരയായവരില്‍ വന്‍കിട ഇടപാടുകാരും ബിസിനസുകാരുമുണ്ട്. സ്വര്‍ണം നഷ്ടപ്പെട്ടവര്‍ പോലീസില്‍ പരാതി നല്‍കിയില്ലെന്നാണ് വിവരം. തട്ടിപ്പിനെക്കുറിച്ച് ബാങ്കും പോലീസും അന്വേഷണം തുടരുകയാണ്. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ശാഖയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി തമിഴ്നാട് മേട്ടുപാളയം സ്വദേശിയായ മധു ജയകുമാര്‍ ആയിരുന്നു ബാങ്ക് മാനേജര്‍. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാര്‍ജെടുത്ത മാനേജര്‍ പാനൂര്‍ സ്വദേശി ഇര്‍ഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. തട്ടിപ്പ് നടത്താന്‍ മധുജയകുമാറിന് ബാങ്കിലെ മറ്റു ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. മറ്റ് ജീവനക്കാരേയും ഉടന്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *