ഓട്ടോറിക്ഷ പെർമിറ്റിൽ ഇളവ്; ഇനി ദൂരപരിധിയില്ല, കേരളം മുഴുവൻ കറങ്ങാം
 
                തിരുവനന്തപുരം : സംസ്ഥാനത്തെ ഓട്ടോറിക്ഷാ പെർമിറ്റിൽ ഇളവ് നൽകി സർക്കാർ. കേരളം മുഴുവൻ ഓട്ടോറിക്ഷകള്‍ക്ക് സർവീസ് നടത്താനാകും. ഓട്ടോറിക്ഷ യൂണിയന്റെ സിഐടിയു കണ്ണൂർ മാടായി ഏരിയ കമ്മിറ്റി നൽകിയ അപേക്ഷ പരിഗണിച്ചാണ് പെർമിറ്റിലെ ഇളവ്. സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനം.
അപകട നിരക്ക് കൂട്ടുമെന്ന മുന്നറിയിപ്പുകള്‍ തള്ളിയാണ് സിഐടിയുവിന്റെ ആവശ്യപ്രകാരം ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഈ തീരുമാനം. ” ഓട്ടോറിക്ഷ ഇൻ ദ സ്റ്റേറ്റ്’ എന്ന രീതിയിൽ പെർമിറ്റ് സംവിധാനം മാറ്റും. പെർമിറ്റിൽ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റ് ആയി റജിസ്ട്രർ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ഡ്രൈവർ ഉറപ്പുവരുത്തണമെന്ന നിബന്ധനയുമുണ്ട്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐജിയും അതോറിറ്റി സെക്രട്ടറിയും ചേർന്നാണ് തീരുമാനമെടുത്തത്.
ഓട്ടോറിക്ഷകൾക്ക് ജില്ലാ അതിർത്തിയിൽ നിന്നും 20 കിലോമീറ്റർ മാത്രം യാത്ര ചെയ്യാനായിരുന്നു ഇതുവരെ പെർമിറ്റ് നല്‍കിയിരുന്നത്. ഓട്ടോകള്‍ക്ക് ദീർഘദൂര സർവീസ് നടത്തുന്നതിലെ അപകട സാധ്യത കണക്കിലെടുത്തുകൊണ്ടായിരുന്നു പെർമിറ്റ് നിയന്ത്രിയിച്ചിരുന്നത്. എന്നാൽ, പെർമിറ്റിൽ ഇളവ് വരുത്തണമെന്ന് സിഐടിയു പല പ്രാവശ്യം ആവശ്യപ്പെട്ടിരുന്നു. റോഡുകളിൽ ഓട്ടോയ്ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി വേഗം 50 കിലോമീറ്ററാണ്.
അതിവേഗപാതകളിൽ വാഹനങ്ങള്‍ പായുമ്പോള്‍ ഓട്ടോകള്‍ ദീർഘദൂര സർവീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടിരുന്നു. അതോറിറ്റി യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവരും അപകട സാധ്യത ചൂണ്ടികാട്ടി. പക്ഷെ ഇതെല്ലാം തള്ളിയാണ് പുതിയ തീരുമാനം.

 
                         
                                             
                                             
                                             
                                         
                                        