തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി:പോടോങ്ടാൻ ഷിനവത്ര
 
                ബാങ്കോക്ക്: തായ്‌ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി, 37-കാരിയായ പോടോങ്ടാൻ ഷിനവത്ര (ഇങ് ഷിൻ) അധികാരത്തിലെത്തുമ്പോൾ വിശേഷണങ്ങളേറെയാണ്. മുൻപ്രധാനമന്ത്രി തസ്‍കിൻ ഷിനവത്രയുടെ മകളായ പോടോങ്ടാൻ ഭരണകക്ഷിയായ ഫ്യു തായ് പാർട്ടിയുടെ നിലവിലെ നേതാവാണ്.
2023 തിരഞ്ഞടുപ്പിൽ മൂന്ന് പ്രധാനമന്ത്രി സ്ഥാനാർഥികളിലൊരാളായിരുന്നു പോടോങ്ടാൻ. ജയിൽ ശിക്ഷ അനുഭവിച്ച അഭിഭാഷകനെ മന്ത്രിയായി നിയമിച്ചതുവഴി ഭരണഘടനാ ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടി പ്രധാനമന്ത്രിയായിരുന്ന ഫ്യൂ തായ് പാർട്ടിയുടെ സ്രെത്ത തവിസിനെ കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങൾക്കൊടുവിലാണ് പോടോങ്ടാൻ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുന്നത്.
തായ്‌ലൻഡ് രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായ തക്സിൻ ഷിനവത്രയുടെ മൂന്നാമത്തെ മകളാണ് പോടോങ്ടാൻ.2022 ൽ ഫ്യൂ തായ്പാർട്ടി നേതാവായിട്ടായിരുന്നു രാഷ്ട്രീയ പ്രവേശനം. തായ്‌ലൻഡിൽ ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന്റെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതാണ് പോടോങ്ടാന്റെ പ്രധാനമന്ത്രി സ്ഥാനമെന്നാണ് രാഷ്ട്രീയ ലോകത്തിന്റെ വിലയിരുത്തൽ.
അഞ്ച് വർഷത്തിലധികം അധികാരത്തിലിരുന്ന തക്സിൻ ഷിനവത്രയെ അഴിമതിയും അധികാര ദുർവിനിയോഗവും ആരോപിച്ച് 2006 സെപ്റ്റംബറിൽ സൈനിക അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. അഴിമതിക്കേസിൽ അറസ്റ്റുചെയ്യുമെന്ന് ഭയന്ന് 15 വർഷമായി വിദേശത്തുകഴിയുകയായിരുന്ന ഷിനവത്ര പിന്നീട് നാട്ടിൽതിരിച്ചെത്തി സുപ്രീംകോടതിയിലെത്തി അറസ്റ്റുവരിക്കുകയായിരുന്നു.
ഭരണഘടനാപരമായ രാജവാഴ്ച നിലനിൽക്കുന്ന തായ്‍ലാൻഡിൽ ശിക്ഷാനടപടികളുടെ അവസാനവാക്ക് രാജാവിന്റേതാണ്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി തായ്‌ലാൻഡ് രാജാവ് മഹാവാജിര ലോങ്കോൺ ശിക്ഷ ഒരു വർഷമായി വെട്ടികുറക്കുകയും തക്സിൻ ജയിൽ മോചിതനാകുകയുമായിരുന്നു.ബാങ്കോക്കിൽ ജനിച്ച പോടോങ്ടാൻ എസ്.സി. അസറ്റ് കോർപ്പറേഷൻ്റെ പ്രധാന ഓഹരി ഉടമയും തായ്‌കോം ഫൗണ്ടേഷൻ്റെ ഡയറക്ടർമാരിൽ ഒരാളുമാണ്.
പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രപ്പോളജി എന്നിവയിൽ ബിരുദവും ഇൻ്റർനാഷണൽ ഹോട്ടൽ മാനേജ്‌മെൻ്റിൽ ബിരുദാനന്തര ബിരുദവും 500 അംഗ ജനപ്രതിനിധിസഭയിൽ 400 സീറ്റുകളിലേക്കാണ് നേരിട്ട് തിരഞ്ഞെടുപ്പ് നടക്കുന്നത്. 100 സീറ്റുകളിലേക്ക് ഓരോപാർട്ടിക്കും ആനുപാതികപ്രാതിനിധ്യപ്രകാരം അംഗങ്ങളെ അയക്കാം. 250 അംഗ സെനറ്റിനെ നിയമിക്കുന്നത് പട്ടാളമാണ്.
ജനപ്രതിനിധിസഭയും സെനറ്റും സംയുക്തസമ്മേളനം ചേർന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കും. അതിനാൽ തന്നെ വോട്ടെടുപ്പിൽ ജയിച്ച പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ കഴിയുമെന്ന് ഉറപ്പില്ല. വോട്ടെടുപ്പിൽ ജനപ്രതിനിധിസഭയിലെ 376 അംഗങ്ങളുടെ പിന്തുണയുള്ള വ്യക്തിയാണ് പ്രധാനമന്ത്രിയാവുക. ഈ സമ്പ്രദായം ജനാധിപത്യവിരുദ്ധമാണെന്ന് പൊതുവേ അഭിപ്രായമുണ്ട്.
ഷിനവത്ര കുടുംബത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തുന്ന നാലാമത്തെ വ്യക്തിയാണ് പോടോങ്ടാൻ ഷിനവത്ര.രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴാണ് പോടോങ്ടാന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം. ഷിനവത്ര കുടുംബത്തിന് രാജ്യത്തെ സാധാരണക്കാർക്കിടയിൽ ഇപ്പോഴുമുള്ള സ്വാധീനം ഭരണസാരഥ്യത്തില്‍ പോടോങ്ടാന് പ്രയോജനം ചെയ്യുമെന്നും വിലയിരുത്തലുണ്ട്

 
                         
                                             
                                             
                                             
                                         
                                         
                                         
                                        