ആദ്യമായി അഭിനയിച്ച ചിത്രത്തിനെ സംസ്ഥാന പുരസ്കാരം;പറയാൻ വാക്കുകൾ കിട്ടുന്നില്ല -കെ.ആർ.ഗോകുൽ
ആദ്യമായി അഭിനയിച്ച ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് കോഴിക്കോട് പൂവാട്ടുപറമ്പ് സ്വദേശി കെ.ആർ.ഗോകുൽ. ആടുജീവിതത്തിലെ പ്രകടനത്തിന് പ്രത്യേകജൂറി പരാമർശമാണ് ഗോകുലിനെ തേടിയെത്തിയത്. ആടുജീവിതം എന്ന ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രമായി അക്ഷരാർത്ഥത്തിൽ നിറഞ്ഞാടുകയായിരുന്നു ഗോകുൽ.
ഇങ്ങനെയൊരു നേട്ടം തീരെ പ്രതീക്ഷിച്ചില്ലെന്ന് ഗോകുൽ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. “സംസാരിക്കാൻ വാക്കുകള്‍ കിട്ടുന്നില്ല. തുടക്കക്കാരനെന്ന നിലയില്‍ ഇങ്ങനെ ഒരു നേട്ടം പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരും ചിത്രം ഏറ്റെടുത്തതില്‍ വലിയ സന്തോഷമുണ്ട്. അതിനൊപ്പം ഈ നേട്ടത്തിലും സന്തോഷിക്കുന്നു. ബ്ലെസി സാറിനോടും പൃഥ്വിരാജിനോടും സംസാരിക്കാന്‍ സാധിക്കിച്ചിട്ടില്ല. എല്ലാവരും തിരക്കിലാണ്. ഒരുപാട് പേര്‍ എന്നെയും വിളിക്കുന്നുണ്ട്.” ഗോകുലിന്റെ വാക്കുകൾ.
ആടുജീവിതം പുറത്തിറങ്ങിയപ്പോൾ മുതൽ പൃഥ്വിരാജിനൊപ്പംതന്നെ ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമായിരുന്നു ഗോകുൽ. ചിത്രത്തിന്റെ പ്രചാരണവേളയിൽ പൃഥ്വിരാജ് ഗോകുലിനെക്കുറിച്ച് എടുത്തുപറയുകയും ചെയ്തിരുന്നു. വിനോദ് രാമൻ നായർ സംവിധാനംചെയ്യുന്ന മ്ലേച്ഛൻ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറാനൊരുങ്ങുകയാണ് ഗോകുൽ.