പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

0

ബംഗളുരു : കഴിഞ്ഞ ദിവസം ബംഗളുരുവിലുണ്ടായ സ്ഫോടനം പാചകത്തിനിടെ പ്രഷർ കുക്കർ പൊട്ടിത്തെറിച്ചതാണെന്ന് കണ്ടെത്തി. ചൊവ്വാഴ്ചയാണ് ബംഗളുരുവിലെ ജെ.പി നഗറിൽ പൊട്ടിത്തെറിയുണ്ടായത്. ഒരാൾ മരണപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേ‌ൽക്കുകയും ചെയ്തു. തുടർന്ന് സംഭവം അന്വേഷിച്ച ദേശീയ അന്വേഷണ ഏജൻസിയാണ് പാചകത്തിനിടെ സംഭവിച്ച അപകടമാണെന്ന് കണ്ടെത്തിയത്.

എട്ട് വർഷമായി ബംഗളുരുവിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയളായ സമീർ, മുഹ്സിൻ എന്നിവരുടെ താമസ സ്ഥലത്തായിരുന്നു സ്ഫോടനം. ബാർബ‍ർമാരായി ജോലി ചെയ്യുന്ന ഇവർ കടയുടെ മുകളിലെ 100 ചതുരശ്ര അടി വിസ്തീർണമുള്ള മുറിയിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച ചെറിയ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് പ്രഷർ കുക്കറിൽ പാചകം ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കുക്കർ പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെ സ്റ്റൗവിൽ നിന്ന് തീപടർന്ന് മറ്റിടങ്ങളും കത്തി. മുറിയിലെ ഏതാണ്ടെല്ലാ സാധനങ്ങളും തീപിടുത്തത്തിൽ കത്തിനശിച്ചിട്ടുണ്ട്.

ഇവിടെ താമസിച്ചിരുന്ന രണ്ട് പേർക്കും ഗുരുതരമായി പൊള്ളലേറ്റു. ഒരാൾ പിന്നീട് മരണപ്പെട്ടു. മറ്റൊരാൾ ചികിത്സയിലാണ്. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്ന് പൊലീസ് കമ്മീഷണർ പറഞ്ഞു. പൊലീസും എൻഐഎ സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. പുത്തനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊള്ളലേറ്റ് ചികിത്സയിലുള്ള രണ്ടാമന്റെ ആരോഗ്യനിലയും ഗുരുതരമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *