തിരുവനന്തപുരത്തെ തട്ടിക്കൊണ്ടുപോകൽ: യാത്രക്കാരനെ മർദ്ദിച്ച് കാറിൽ കയറ്റി കൊണ്ടുപോയെന്ന് മുഖ്യ സാക്ഷി ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായക മൊഴി
തിരുവനന്തപുരം : വിദേശത്ത് നിന്ന് തിരുവനന്തപുരത്ത് വന്നയാളെ തട്ടികൊണ്ടു പോയ സംഭവത്തിൽ മുഖ്യ സാക്ഷിയായ ഓട്ടോറിക്ഷാ ഡ്രൈവറുടെ നിർണായക മൊഴി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 12.30 മണിക്കാണ് യുവാവ് തൻ്റെ ഓട്ടോയിൽ കയറിയതെന്ന് ഡ്രൈവർ വിശാഖ് പറഞ്ഞു. തിരുനൽവേലി ബസ് കിട്ടുന്ന സ്ഥലത്താക്കാനാണ് യാത്രക്കാരൻ ആവശ്യപ്പെട്ടത്. അങ്ങോട്ട് പോകുന്ന വഴിക്ക് ശ്രീകണ്ശ്വരത്ത് വച്ചാണ് ഓട്ടോ വെള്ള സ്വഫ്റ്റ് കാർ തടഞ്ഞത്. കാറിൽ നിന്ന് ഇറങ്ങിയ അഞ്ച് പേർ യാത്രക്കാരനെ ഓട്ടോറിക്ഷയിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. പിന്നീട് കാറിൽ കയറ്റി കൊണ്ടുപോയെന്നും വിശാഖ് പൊലീസിന് മൊഴി നൽകി.
തമിഴ്‌നാട് സ്വദേശിയായ യുവാവിനെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ഇയാൾ ആരാണെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾ സഞ്ചരിച്ച കാർ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ നോക്കി കാർ പോയ ദിശ കണ്ടെത്താനാണ് ശ്രമം. കാർ പ്രതികൾ വാടകക്കെടുത്തതാണെന്ന് വ്യക്തമായിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയ ഉടൻ വിശാഖ് വിവരം പൊലീസിനെ അറിയിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്.