അര്‍ജുനെ തേടി മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു
ഷിരൂര്‍ : കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള പരിശോധന ആരംഭിച്ചു. ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തില്‍ കൂടതല്‍ പേര്‍ ഇന്ന് പുഴയിലിറങ്ങി പരിശോധന നടത്തും. പലതവണ ഈശ്വര്‍ മല്‍പെ മുങ്ങിതാഴ്ന്നെങ്കിലും പ്രതീക്ഷ നല്‍കുന്ന വസ്തുക്കളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയെങ്കിലും അര്‍ജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ ഭാഗമായിരിക്കാമെന്നാണ് കരുതുന്നത്.
ഇന്നലെ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ജാക്കി കണ്ടെത്തിയ സ്ഥലം കേന്ദ്രീകരിച്ചാണ് ഈശ്വര്‍ മല്‍പെ ഇന്നും തെരച്ചില്‍ നടത്തുന്നത്. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തില്‍ ഡീസല്‍ പരന്ന സ്ഥലത്താണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. അതേസമയം, നാവിക സേനയുടെ ഡൈവിങ് ടീമും ഇന്ന് തെരച്ചില്‍ നടത്തും. കാര്‍വാറിൽ നിന്ന് ഉടൻ തന്നെ നാവിക സേനാംഗങ്ങളും സ്ഥലത്തെത്തും. പ്രധാനമായും ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്ന് പോയന്‍റുകളിലായിരിക്കും നാവിക സേനയുടെ പരിശോധന കേന്ദ്രീകരിക്കുക.
ഇന്നലത്തെ പരിശോധനയിൽ ലോഹസാന്നിധ്യമുള്ള രണ്ട് പോയന്‍റുകൾ കൂടി കിട്ടിയിരുന്നു. പുഴയുടെ ഒഴുക്കിൽ മണ്ണും മറ്റ് വന്നടിഞ്ഞ വസ്തുക്കളും നീങ്ങിപ്പോയതിന്‍റെ ഫലമായാണ് കൂടുതൽ സിഗ്നലുകൾ കിട്ടുന്നത്. ഈശ്വർ മൽപേയ്ക്ക് ലോറിയുടേത് എന്ന് പറയുന്ന ഹൈഡ്രോളിക് ജാക്കി കിട്ടിയ പോയന്‍റ് ഏതെന്ന് ചോദിച്ച് വ്യക്തത വരുത്തും.അതും നാവികസേനയ്ക്ക് സോണാർ പരിശോധനയിൽ കിട്ടിയ പോയന്‍റുകളും ഒത്തുനോക്കും. അര്‍ജുന്‍റെ ലോറി എവിടെ എന്നത്ത് ഡൈവിംഗിന് ശേഷം മാത്രമേ വ്യക്തമാകൂ.
മുന്‍പത്തെപരിശോധനയിൽ ലോറിയുടെ സാന്നിധ്യമുണ്ട് എന്നതിന് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെട്ടത് കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള പോയന്‍റിലാണ്. ഈപോയന്‍റിനും ഇന്നത്തെ തെരച്ചിലിൽ പ്രധാന പരിഗണന ഉണ്ടാകും.ഡൈവിംഗ് നടത്തുക എന്നതാണ് നാവികസേന പ്രഥമപരിഗണന നല്‍കുന്നത്.ഓരോ പോയന്‍റിലും എന്തെല്ലാം ഉണ്ട് എന്നത് കണ്ടെത്തുക എന്നതിനാണ് ഇന്നത്തെ പരിഗണന നല്‍കുന്നത്. അര്‍ജുന് പുറമെ കര്‍ണാടക സ്വദേശികളായ ജഗന്നാഥ്, ലോകേഷ് എന്നിവരെയും കണ്ടെത്താനുണ്ട്