കാലുകൾ ബൈക്കിൽ കെട്ടി യുവതിയെ ഗ്രാമത്തിലൂടെ വലിച്ചിഴച്ചു; ഭർത്താവ് അറസ്റ്റിൽ

0

ജയ്പുര്‍: യുവതിയെ ക്രൂരമായി മര്‍ദിക്കുകയും കാലുകള്‍ ബൈക്കില്‍ കെട്ടി ഗ്രാമത്തിലൂടെ വലിച്ചിഴക്കുകയും ചെയ്ത്‌ ഭര്‍ത്താവ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നഹര്‍സിംഘപുരയില്‍ ഒരു മാസം മുമ്പാണ് സംഭവം നടന്നതെന്ന് പഞ്ചൗടി പോലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ സുരേന്ദ്ര കുമാര്‍ പ്രതികരിച്ചു.

32-കാരനായ പ്രേംരാം മെഘ്‌വാളാണ് അറസ്റ്റിലായത്. രണ്ടുകാലുകളും കൂട്ടിക്കെട്ടി ഇയാള്‍ ഭാര്യയെ ബൈക്കിന്റെ പിന്നില്‍ കെട്ടിയിട്ട് കല്ലുംമുള്ളും നിറഞ്ഞ വഴികളിലൂടെ വലിച്ചിഴക്കുകയായിരുന്നു. സഹായത്തിനായി യുവതി നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ജയ്‌സാല്‍മീറിലെ സഹോദരിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്താന്‍ യുവതി തുനിഞ്ഞതിനേത്തുടർന്നാണ് മെഘ്‌വാള്‍ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

മദ്യപാനിയായ മെഘ്‌വാള്‍ ഭാര്യയെ നിരന്തരം അക്രമിക്കാറുണ്ടായിരുന്നെന്നാണ് അയല്‍വാസികള്‍ പറയുന്നത്. ഗ്രാമത്തിലെ മറ്റുള്ളവരുമായി ഭാര്യ സംസാരിക്കുന്നതും ഇടപെടുന്നതും ഇയാള്‍ തടഞ്ഞിരുന്നതായും അയല്‍വാസികള്‍ അറിയിച്ചു. ക്രൂരമായ പീഡനത്തിനിരയായ യുവതി ഇപ്പോള്‍ ബന്ധുക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

അതേസമയം, മറ്റുള്ള സ്ഥലങ്ങളില്‍നിന്ന് ഭാര്യമാരെ വാങ്ങുന്ന ആചാരം ഇവിടെയുണ്ടെന്നും ഈ സംഭവത്തിന് അതുമായി ബന്ധമുണ്ടെന്നും എന്‍ടിഡിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രേംരാം മെഘ്‌വാള്‍ 10 മാസം മുമ്പ് ഈ സ്ത്രീയെ രണ്ടു ലക്ഷം രൂപ നല്‍കി വാങ്ങിയതാണെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇത്തരത്തില്‍ പണംകൊടുത്ത് വാങ്ങുന്ന സ്ത്രീകള്‍ക്കുനേരെ ക്രൂരമായി ലൈംഗിക-മാനസിക പീഡനങ്ങളാണ് നടത്തിവരുന്നതെന്നാണ് വിവരം. ജയ്‌സല്‍മേറിലുള്ള യുവതിയെ ഇങ്ങോട്ടെത്തിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയുമെന്നും പോലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *