‘അമ്മ’ കോംപ്ലക്സ് ഹാളിൽ നൃത്ത ശില്പശാല സംഘടിപ്പിച്ച;മുഖ്യാതിഥിയായി മമ്മൂട്ടി
അമ്മ’ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച രണ്ടുദിവസത്തെ നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ നടൻ മമ്മൂട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. നടനും സംവിധായകനുമായ ബേസിൽ ജോസഫ് ചടങ്ങിൽ സന്നിഹിതനായിരുന്നു. ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ‘അമ്മ’ അംഗങ്ങളും ചടങ്ങിൽ എത്തിയിരുന്നു.
ചലച്ചിത്ര താരം സരയു കോ-ഓർഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയിൽ രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ആദ്യമായി ‘അമ്മ’ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ, ലഭിച്ച അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത മുപ്പത്തിയൊന്ന് പേർ പങ്കെടുത്തു. പന്ത്രണ്ടു വയസ് മുതൽ ഉള്ളവർ പങ്കെടുത്ത ഈ ക്യാമ്പിൽ ലണ്ടൻ, ബെംഗളൂരു, മുംബെെ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.
കലാ സിനിമാ സ്നേഹികളായ പൊതു ജനങ്ങളെ ചേർത്തു നിർത്തി താര സംഘടനയായ അമ്മ സംഘടിപ്പിച്ച നൃത്ത ശില്പശാല ശനിയാഴ്ച ‘അമ്മ’ പ്രസിഡന്റ് മോഹൻലാലാണ് ഉദ്ഘാടനം ചെയ്തത്.