അമിതമായ മഴയും വെള്ളക്കെട്ടും റബ്ബർ തോട്ടങ്ങളിൽ ഇലകൊഴിച്ചിൽ;കർഷകർ
അയിലൂർ(പാലാക്കാട്): അമിതമായ മഴയും വെള്ളക്കെട്ടും മൂടിക്കെട്ടിയ അന്തരീക്ഷവുംമൂലം റബ്ബർ തോട്ടങ്ങളിൽ അകാലിക ഇലകൊഴിച്ചിൽ രോഗം വ്യാപിക്കുന്നു. വിപണിയിൽ റബ്ബർവില ഉയർന്നതോടെ ടാപ്പിങ് തുടങ്ങിയ സമയത്താണ് രോഗബാധ കൂടിയത്. ഇതോടെ, ഉത്പാദനനഷ്ടത്തിലാണ് കർഷകർ.
രോഗം ബാധിച്ച തോട്ടങ്ങളിൽ നല്ലവളർച്ചയുള്ള ഇലകൾ ഉൾപ്പെടെ ഞെട്ടോടെ കൊഴിഞ്ഞുവീണുതുടങ്ങി. ഇതോടെ, മരങ്ങളിലെ പാലുത്പാദനം മൂന്നിലൊന്നായി കുറഞ്ഞെന്ന് കർഷകനായ ജോജി തോമസ് പറയുന്നു. കൊഴിഞ്ഞ ഇലകൾക്കുപകരം പുതിയ തളിരുകൾവന്ന് ഇലകൾ മൂപ്പെത്തിയാലേ ഇനി ഉത്പാദനം വർധിക്കുകയൂള്ളൂ. ഒന്നര മാസത്തിലേറെ ഇതുമൂലം ഉത്പാദനനഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്.
തോട്ടങ്ങളിൽ ആർദ്രത നിലനിൽക്കുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്.
ഫൈറ്റോഫ് തോറ എന്ന കുമിളാണ് രോഗകാരണമെന്നാണ് റബ്ബർബോർഡ് അധികൃതർ പറയുന്നത്. കോപ്പർ ഓക്സി ക്ലോറൈഡ് എന്ന കുമിൾനാശിനി കാലവർഷാരംഭത്തിൽ ഇലകളിൽ വീഴത്തക്കവിധം പ്രത്യേകതരം ശക്തിയേറിയ സ്‌പ്രേയർ ഉപയോഗിച്ച്, പൊടി രൂപത്തിലേക്ക് എണ്ണകലർത്തി തളിക്കുന്നതാണ് പ്രതിവിധിയെന്നാണ് റബ്ബർബോർഡ് അധികൃതർ കർഷകരോട് നിർദേശിച്ചിട്ടുള്ളത്.
സബ്‌സിഡിനിരക്കിൽ ഈ കുമിൾനാശിനി വിതരണംചെയ്തിരുന്നത് റബ്ബർബോർഡ് നിർത്തിയിരുന്നു. ഇതോടെ, ഭൂരിപക്ഷം കർഷകരും ഇത് മഴയ്ക്കുമുൻപ് തളിക്കുന്നത് നിർത്തുകയുംചെയ്തു.
ഇലകൊഴിച്ചിലിന് സമയമായില്ല
റബ്ബർമരങ്ങളിലെ സ്വാഭാവിക ഇലകൊഴിച്ചിൽ ഡിസംബർ, ജനുവരി മാസങ്ങളിലാണ്. ഈ സമയത്ത് തണുപ്പ് കൂടുതലുള്ളതിനാലാണ് സ്വാഭാവിക ഇലകൊഴിച്ചിൽ. ഇത് റബ്ബർ ഉത്പാദനത്തെ കാര്യമായി ബാധിക്കാറില്ലെന്ന് കർഷകർ പറയുന്നു. ഇപ്പോഴുള്ളത് കാലാവസ്ഥാമാറ്റംമൂലമാണെന്നും കാലാവസ്ഥ മാറുന്നതോടെ രോഗവ്യാപനം കുറയുമെന്നുമാണ് റബ്ബർബോർഡ് ഫീൽഡ് ഓഫീസർമാർ പറയുന്നത്.
വിലവർധനയിലും നേട്ടമില്ല
റബ്ബർവില ഉയർന്നിട്ടും നേട്ടമുണ്ടാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റബ്ബർകർഷകർ. അപ്രതീക്ഷിതമായ ഇലകൊഴിച്ചിൽ രോഗവും അമിതമായ മഴയുംമൂലം ടാപ്പിങ് ദിനങ്ങൾ നഷ്ടപ്പെട്ടതും ഉത്‌പാദനത്തെ ബാധിച്ചു. പ്രതിദിനം 30 ഷീറ്റുകൾവരെ ദിവസവും ലഭിച്ചിരുന്ന കർഷകർക്ക് ഇപ്പോൾ 10 ഷീറ്റായാണ് കുറഞ്ഞത്.
ആവശ്യത്തിന് റബ്ബർഷീറ്റുകൾ വിപണിയിലെത്താത്തതുമൂലം ടയർകമ്പനികൾക്ക് റബ്ബർ ലഭിക്കാതെ വന്നതോടെയാണ് വില കൂടിയതെന്നാണ് കച്ചവടക്കാർ പറയുന്നത്.