കൃഷിവകുപ്പിന്റെ ‘വെളിച്ചം’ ഓണ്‍ലൈനായി കാണാം, അഭിപ്രായം പറയാം
തിരുവനന്തപുരം : കൃഷി വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ ‘വെളിച്ചം’ എന്ന പേരില്‍ ലൈവ് ആയി ഓണ്‍ലൈന്‍ സംപ്രേഷണം വരും. കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കാര്‍ഷിക വികസനവും കര്‍ഷകക്ഷേമവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നത് കൂടുതല്‍ ജനകീയവും സുതാര്യവുമാക്കാനാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
വകുപ്പിന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുക, തീരുമാനങ്ങള്‍ എടുക്കുന്ന പ്രക്രിയയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നേരിട്ട് അറിവ് ഉറപ്പാക്കുക, സജീവമായ പൊതുജന പങ്കാളിത്തവും പ്രതികരണങ്ങളും പ്രോത്സാഹിപ്പിക്കുക, കര്‍ഷകര്‍ക്കു പ്രതീക്ഷയും വിശ്വാസവും വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് യോഗങ്ങള്‍ തല്‍സമയം ഓണ്‍ലൈനായി സംപ്രേഷണം ചെയ്യുന്നത്. ആദ്യഘട്ടമായി, തിരഞ്ഞെടുക്കപ്പെട്ട പൊതുജനതാല്‍പര്യമുള്ള യോഗങ്ങളാവും സംപ്രേഷണം ചെയ്യുക.
ഈ യോഗങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പൊതുജനങ്ങള്‍ക്കു സാധിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പദ്ധതി നടത്തിപ്പില്‍ പരിഗണിക്കാനാണ് വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ചിത്രീകരണത്തിന്റെയും പ്രക്ഷേപണ നിര്‍വഹണത്തിന്റെയും ചുമതല കൃഷി ഡയറക്ടറുടെ നേതൃത്വത്തില്‍ ഫാം ഇൻഫര്‍മേഷന്‍ ബ്യൂറോയ്ക്ക് ആയിരിക്കും. പ്രക്ഷേപണം ചെയ്യുന്ന യോഗങ്ങളുടെ വിവരങ്ങള്‍ കൃഷിവകുപ്പിന്റെ വെബ്‌സൈറ്റില്‍ മുന്‍കൂട്ടി അറിയിക്കും.