ഡോക്ടറെ ബലാത്സംഗംചെയ്തത് പ്രതി തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പോലീസ്
കൊല്‍ക്കത്ത: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്.ജി. കര് മെഡിക്കല്‍ കോളേജില്‍ പി.ജി. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പോലീസ്. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയശേഷം താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, വീട്ടില്‍നിന്ന് കണ്ടെടുത്ത ഷൂവില്‍ രക്തക്കറ കണ്ടെത്തിയതായും ഇത് കേസില്‍ നിര്‍ണായക തെളിവാണെന്നും പോലീസ് പറഞ്ഞു.
31-കാരിയായ പി.ജി. ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസിന്റെ സിവിക് വൊളണ്ടിയറായി ജോലിചെയ്തിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാര്‍ ഹാളിലാണ് ചോരയില്‍കുളിച്ച നിലയില്‍ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.