സൈബർതട്ടിപ്പ് സംഘത്തിലെ പ്രധാനി ഭോപ്പാലിൽ പിടിയിൽ
പത്തനംതിട്ട: സൈബർതട്ടിപ്പ് സംഘത്തിലെ പ്രധാനി പിടിയിൽ. 46 ലക്ഷം രൂപയുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പു നടത്തിയ പ്രതിയെ ഭോപ്പാലിൽ നിന്നാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
മേയ് അഞ്ചിന് ആറന്മുള പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തിലാണ് ഭോപ്പാൽ സ്വദേശിയായ മാനവേന്ദ്ര സിങ്ങിനെ പിടികൂടിയത്. പത്തനംതിട്ട തെക്കേമല സ്വദേശി ബിനു കാർത്തികേയൻ എന്നയാളിൽനിന്ന് 46,56,700 രൂപ സംഘം തട്ടിയെടുത്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
കഴിഞ്ഞവർഷം ജൂലൈ മാസം ഏഴാം തീയതിമുതൽ ഡിസംബർ 12-ാം തീയതി വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. ടി.ഡി. അമേരിക്ക ട്രേഡ് എന്ന കമ്പനിയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് ഇവർ ബിനു കാർത്തികേയനെ സമീപിച്ചത്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിൽ ഏർപ്പെട്ടാൽ വൻ സാമ്പത്തിക ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
നൂറ് ഡോളർ നിക്ഷേപിച്ചാൽ ഒരാഴ്ചക്കുള്ളിൽ ആയിരം ഡോളറായി തിരികെ ലഭിക്കുമെന്നായിരുന്നു തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്. തുടർന്ന് കിടപ്പാടം അടക്കം പണയപ്പെടുത്തി തട്ടിപ്പുസംഘത്തിന് പണം നൽകുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് ആറന്മുള സി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഭോപ്പാലിലെത്തി പ്രതിയെ തന്ത്രപൂർവം പിടികൂടുകയായിരുന്നു. ഇയാൾ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നാണ് പിടികൂടിയത്.
ട്രെയിൻ മാർഗം തിങ്കളാഴ്ച രാവിലെയോടെയാണ് പ്രതിയെ കേരളത്തിൽ എത്തിച്ചത്. വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും. ഇയാളെ കൂടാതെ മറ്റു രണ്ടുപേർ കൂടി ഇനി പിടിയിലാകാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം.