വയനാട്ടിൽ തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെ ജനിതകപരിശോധന ഫലം; ഇന്ന് പുറത്തുവിടും
മേപ്പാടി: കേരളത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും തിരച്ചില്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായാണ് തിരച്ചില്‍. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്.
ചാലിയാറിന്റെ തീരങ്ങളിലും വിവിധ മേഖലകളായി തിരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ദുര്‍ഘടമായ മേഖലകളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ മാത്രമാണ് തിരച്ചില്‍ നടത്തുന്നത്. ബാക്കിയുള്ള ഇടങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകരും തിരച്ചിലിനുണ്ട്. അതേസമയം, കഴിഞ്ഞദിവസത്തേതിന് സമാനമായി ജനകീയ തിരച്ചില്‍ അല്ല ഇന്ന് നടക്കുന്നത്.
ദുരന്തത്തിന് ഇരയായവരുടെ ശരീരഭാഗങ്ങളുടേയും തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടേയും ജനിതക (ഡി.എന്‍.എ.) പരിശോധനയുടെ ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന 90 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവയുമായി ഒത്തുനോക്കി മരിച്ചവരെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുതല്‍ ഫലം ലഭിച്ചുതുടങ്ങിയെന്നും തിങ്കളാഴ്ച മുതല്‍ പരസ്യപ്പെടുത്തിത്തുടങ്ങുമെന്നും മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ഞായറാഴ്ച നടന്ന ജനകീയ തിരച്ചിലില്‍ മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. പരപ്പന്‍പാറയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ അറിയാന്‍ കഴിയൂ. അട്ടമലയില്‍നിന്ന് എല്ലിന്‍കഷ്ണവും കിട്ടിയിട്ടുണ്ട്. ഇതും മനുഷ്യന്റേതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.