പാപ്പച്ചനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സരിത വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് രേഖകൾ പോലീസ് പിടിച്ചെടുത്തു
കൊല്ലം : റിട്ട. ബി.എസ്.എൻ.എൽ. ഉദ്യോഗസ്ഥൻ സി.പാപ്പച്ചനെ (81) ആശ്രാമത്ത് കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി സരിതയുടെ വീട്ടിൽനിന്ന് വിവിധ ധനകാര്യസ്ഥാപനങ്ങളിലെ പണമിടപാട് സംബന്ധിച്ച ഒട്ടേറെ രേഖകൾ പോലീസ് പിടിച്ചെടുത്തു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കുശേഷമാണ് അഞ്ച് പ്രതികളുടെയും വീടുകളിൽ പോലീസ് പരിശോധന നടത്തിയത്. മൂന്നാംപ്രതി സരിത വാടകയ്ക്കു താമസിച്ചിരുന്ന തേവള്ളി മൃഗാശുപത്രിക്കു സമീപം കാവിൽ ഹൗസിൽ ഒന്നരയോടെയാണ് പോലീസ് എത്തിയത്. ഒന്നിലേറെ എയർ കണ്ടിഷണറുകൾ പ്രവർത്തിപ്പിച്ചിരുന്ന ഇരുനില ആഡംബരവീടിന് മാസം ഇരുപതിനായിരത്തിലേറെ രൂപ വാടക ലഭിക്കുന്നതായി വീട്ടുടമസ്ഥൻ പറഞ്ഞു. സരിത ബാങ്കുകളിൽ പണം നിക്ഷേപിച്ചതിന്റെ രേഖകൾ പോലീസ് പരിശോധിച്ചു. രണ്ടുമണിക്കൂറോളം പരിശോധന നീണ്ടു.
നാലാംപ്രതി അനൂപിന്റെ മരുത്തടിയിലെ വീട്ടിൽ എത്തിയ സംഘം മിനിറ്റുകൾക്കകം മടങ്ങി. ഇവിടെനിന്നും രേഖകൾ ലഭിച്ചതായി പോലീസ് പറഞ്ഞു. രണ്ടുമണിയോടെയാണ് പോളയത്തോട്ടിൽ അനിമോന്റെയും ഹാസിഫിന്റെയും വീടുകളിലെത്തിയത്. അരമണിക്കൂറിനുള്ളിൽ ഇരുവീടുകളിലെയും പരിശോധന പോലീസ് പൂർത്തിയാക്കി.
പപ്പ ലോണെടുക്കില്ല
കൊല്ലം : നല്ല തുക പെൻഷൻ വാങ്ങിയിരുന്ന പപ്പ ലോണെടുക്കുകയോ…, അടുത്ത സുഹൃത്തുവഴി ലഭിച്ച വിവരം അപ്പച്ചന്റെ വിയോഗമുണ്ടാക്കിയ ആഘാതത്തിനിടയിലും ഏറെ സംശയങ്ങൾക്കിടയാക്കിയെന്ന് പാപ്പച്ചന്റെ മകൾ റെയ്ച്ചൽ.
ഓഹരിവിപണിയിൽ നല്ല നിക്ഷേപമുള്ളയാളാണ് പപ്പ. അതെല്ലാം വിൽക്കുകയും ചെയ്തു. പണം അടിയന്തരമായി വേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നുമില്ല.
ഓലയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരാരും പപ്പ വായ്പയെടുത്ത വിവരം അറിയിച്ചിരുന്നുമില്ല. പപ്പയുടെ നിക്ഷേപങ്ങളെപ്പറ്റി ഇത്രയും കാലമായി കുടുംബം അന്വേഷിച്ചിരുന്നില്ല. ഇടയ്ക്കിടെ വിളിച്ച് പണവും മറ്റും നൽകാമെന്നു പറഞ്ഞാലും താൻ നിരസിച്ചിരുന്നെന്ന് ലഖ്നൗവിൽ കോളേജ് അധ്യാപികയായ റെയ്ച്ചൽ പറഞ്ഞു.
ആരോഗ്യവാനായിരുന്നു പപ്പ. അദ്ദേഹത്തിന്റെ മരണം വല്ലാത്ത മാനസികാഘാതമുണ്ടാക്കി. തെരുവുനായ്ക്കൾക്ക് ആഹാരം നൽകാനായി പുലർച്ചെ മൂന്നുമണിവരെ ഉറക്കമിളച്ചിരുന്നു അദ്ദേഹം. ധാരാളം നായ്ക്കൾക്ക് ഭക്ഷണം നൽകുകയും ചെയ്തിരുന്നു. അതേപ്പറ്റി ചോദിച്ചാൽ മിണ്ടാപ്രാണികളല്ലേ, അവ കഴിക്കട്ടെയെന്നായിരുന്നു മറുപടി. ആർക്ക് എന്ത് അപകടമുണ്ടായെന്ന് അറിഞ്ഞാലും അദ്ദേഹം ഓടിച്ചെല്ലും-റെയ്ച്ചൽ പറഞ്ഞു.
പപ്പ അപകടത്തിൽപ്പെട്ടാണ് മരിച്ചതെന്ന് ആദ്യം വിശ്വസിച്ചു. അപകടത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പിന്നീട് കണ്ടിരുന്നു. അതിന്റെ പിന്നാലെ പോലീസ് നടത്തിയ മികച്ച അന്വേഷണമാണ് കുറ്റവാളികളെ കണ്ടെത്താൻ സഹായകമായതെന്നും അവർ പറഞ്ഞു.
ബാക്കി പണം പലിശയ്ക്ക് കൊടുത്തെന്ന് പ്രതി
കൊല്ലം: തട്ടിയെടുത്ത പണത്തിൻ്റെ ബാക്കി തുക പലിശയ്ക്ക് കൊടുത്തതായി പ്രതി സരിത പോലീസിനോട് സമ്മതിച്ചു. പാപ്പച്ചൻ സ്വകാര്യ ബാങ്കിൽ നിക്ഷേപിക്കാൻ നൽകിയ പണത്തിന് പകരം സരിത നൽകിയ നിക്ഷേപ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകൾ വ്യാജമാണോയെന്ന സംശയവും പോലീസിനുണ്ട്. വ്യാജരേഖ ചമച്ചിട്ടുണ്ടെങ്കിൽ കൂടുതൽപേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സ്ഥാപനത്തിന്റെ യഥാർഥ രേഖ വ്യാജരേഖയ്ക്കായി ഉപയോഗിച്ചിട്ടുണ്ടങ്കിൽ ധനകാര്യസ്ഥാപനംതന്നെ പരാതി നൽകാനും സാധ്യതയുണ്ട്.