സിസ്‌കോ വീണ്ടും തൊഴിലാളികളെ വെട്ടിച്ചുരുക്കുന്നു

0

കാലിഫോര്‍ണിയ : പ്രമുഖ അമേരിക്കന്‍ ബഹുരാഷ്‌ട്ര നെറ്റ്‌വര്‍ക്കിംഗ്-ഇന്‍റര്‍നെറ്റ് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ട്. സിസ്‌കോ സിസ്റ്റംസില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ പിരിച്ചുവിടലാണിത്. സാങ്കേതികരംഗത്ത് സമീപകാലത്ത് കൂടുതല്‍ വളര്‍ച്ചയുള്ള സൈബര്‍‌സെക്യൂരിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) തുടങ്ങിയ മേഖലകളില്‍ ശ്രദ്ധപതിപ്പിക്കുന്നതിന് വേണ്ടിയാണ് സാങ്കേതിക ഉപകരണ നിര്‍മാണ, വിതരണ മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സിസ്‌കോയുടെ ഈ കടുംകൈ.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സിസ്‌കോ 4,000 ജോലിക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് സമാനമോ അല്‍പം ഉയര്‍ന്ന സംഖ്യയിലോ ഉള്ള തൊഴിലാളികളെയാവും പുതിയ തീരുമാനം പ്രകാരം പിരിച്ചുവിടാന്‍ സിസ്കോ ഒരുങ്ങുന്നത് എന്ന് റോയിട്ടേഴ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലെ സിസ്‌കോയുടെ തൊഴിലാളികളെ വെട്ടിച്ചുരുക്കലും റോയിട്ടേഴ്‌സ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ഇന്‍റർനെറ്റിനും നെറ്റ്‌വർക്കിംഗിനും ആവശ്യമായ റൂട്ടറുകൾ, ഫയർവാളുകൾ, ഐ.പി. ഉപകരണങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ്‌ കാലിഫോര്‍ണിയയിലെ സാന്‍ ജോസ് ആസ്ഥാനമായുള്ള സിസ്‌കോ സിസ്റ്റംസ്. സിസ്‌കോയുടെ ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങൾക്ക് ലോകമെമ്പാടും വലിയ ഡിമാന്‍ഡാണുള്ളത്. എങ്കിലും എഐ കമ്പനികളെ ഏറ്റെടുക്കലുകളിലും നിക്ഷേപം നടത്തുന്നതിലുമാണ് സിസ്കോ ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. 2023 ജൂലൈയിലെ കണക്ക് പ്രകാരം 84,900ത്തോളം തൊഴിലാളികളാണ് സിസ്കോയിലുള്ളത്. പ്രധാനമായും അമേരിക്കയിലാണ് സിസ്‌കോയുടെ നിര്‍മാണ യൂണിറ്റുകളുള്ളത്.

യുഎസില്‍ നിരവധി ടെക് കമ്പനികളാണ് അടുത്തിടെ തൊഴിലാളികളെ വെട്ടിച്ചുരുക്കിയത്. 2024 ഇതുവരെ 393 ടെക് കമ്പനികളില്‍ നിന്ന് മാത്രമായി ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് ജോലി നഷ്‌ടമായി. ചിപ് നിര്‍മാതാക്കളായ ഇന്‍റലാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ജോലിക്കാരെ പിരിച്ചുവിട്ട കമ്പനികളിലൊന്ന്. തൊഴില്‍ നഷ്‌ടം വലിയ ഐടി പ്രതിസന്ധിക്ക് വഴിവെക്കുമോ എന്ന ആശങ്ക സജീവമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *