കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തിൽ ചവറ്റുകുട്ടയിൽ ഒളിക്യാമറ
ബെംഗളൂരു : കോഫിഷോപ്പിലെ സ്ത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറവെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ജീവനക്കാരന് അറസ്റ്റിലായി. ബെംഗളൂരു ഭെല്‍ റോഡിലെ ‘തേഡ് വേവ്’ കോഫിഷോപ്പിലെ ജീവനക്കാരനെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഭദ്രാവതി സ്വദേശിയാണെന്നും ഏതാനുംനാളുകളായി കോഫിഷോപ്പില്‍ ജോലിചെയ്തുവരികയാണെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് കോഫിഷോപ്പിലെ ശൗചാലയത്തില്‍നിന്ന് ഒളിക്യാമറ കണ്ടെത്തിയത്. ശൗചാലയത്തിലെ ചവറ്റുകുട്ടയില്‍ മൊബൈല്‍ഫോണ്‍ ക്യാമറ ഓണ്‍ചെയ്തനിലയിലാണ് യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ വീഡിയോ റെക്കോഡ് ചെയ്യുന്നതായും ഫോണ്‍ കോഫിഷോപ്പിലെ ജീവനക്കാരന്റേതാണെന്നും വ്യക്തമായി. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവസമയത്ത് കോഫിഷോപ്പിലുണ്ടായിരുന്ന ഉപയോക്താവ് ഇതേക്കുറിച്ച് സാമൂഹികമാധ്യമത്തില്‍ വിശദമായ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഫോണ്‍ കണ്ടെടുക്കുമ്പോള്‍ ഏകദേശം രണ്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ അതിനോടകം ഫോണില്‍ പകര്‍ത്തിയിരുന്നതായാണ് ഈ കുറിപ്പില്‍ പറയുന്നത്. ‘ഫ്ളെറ്റ് മോഡി’ലായിരുന്നു മൊബൈല്‍ഫോണ്‍. ചവറ്റുകുട്ടയില്‍ പ്രത്യേക ദ്വാരമുണ്ടാക്കി അതിനുനേരെയാണ് മൊബൈല്‍ഫോണിന്റെ ക്യാമറവെച്ചിരുന്നത്. ഫോണ്‍ കണ്ടെടുത്തതിന് പിന്നാലെ അത് ഒരു ജീവനക്കാരന്റേതാണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചെന്നും നടപടികള്‍ സ്വീകരിച്ചെന്നും കുറിപ്പില്‍ പറയുന്നു. ഈ സംഭവത്തോടെ ഇനി ഏത് ശൗചാലയത്തില്‍ പോയാലും താന്‍ ജാഗരൂകയായിരിക്കുമെന്നും എല്ലാവരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും യുവതി പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ ഉടനടി ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ‘തേഡ് വേവ്’ കോഫി ഷോപ്പ് അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരായ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നും കോഫി ഷോപ്പ് അധികൃതര്‍ വ്യക്തമാക്കി.