ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങൾ

0

ലോകത്തെ പലരാജ്യങ്ങളിലും കോവിഡ് കേസുകൾ ഉയരുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ലോകാരോ​ഗ്യസംഘടന ജാ​ഗ്രതാനിർദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ കോവിഡ് നിരക്കുകൾ വർധിക്കുന്നതിന് പിന്നിൽ രണ്ട് വകഭേദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് അധികൃതർ. KP.1, KP.2 എന്നീ വകഭേദങ്ങളാണ് കോവിഡ് കേസുകളുടെ ഉയർച്ചയ്ക്ക് പിന്നിലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രി ജെ.‌പി. നഡ്ഡ വ്യക്തമാക്കി.

രാജ്യത്തെ കോവിഡ് കേസുകൾക്ക് പിന്നിൽ രണ്ട് വകഭേ​ദങ്ങളാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും അറിയിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. ഓ​ഗസ്റ്റ് അഞ്ചുവരെ 824 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 417 എണ്ണം മഹാരാഷ്ട്രയിൽ നിന്നും 157 എണ്ണം വെസ്റ്റ്ബെം​ഗാളിൽ നിന്നും 64 എണ്ണം ഉത്തരാഖണ്ഡിൽ നിന്നുമാണ്. JN.1 ഒമിക്രോൺ വകഭേദത്തിൽ നിന്നും ഉരുത്തിരിഞ്ഞവയാണ് KP.1, KP.2 എന്നീ വകഭേദങ്ങളെന്നും മന്ത്രി പറഞ്ഞു.

പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങൾ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയോ, ​ഗുരുതരമാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്തിട്ടില്ല. പുതിയ വകഭേദത്തെ നിരീക്ഷിച്ച് സർക്കാർ വേണ്ട നടപടികൾ കൈക്കൊള്ളുന്നുണ്ട്.- ജെ.പി.നഡ്ഡ പറഞ്ഞു.

പുതിയ വകഭേദങ്ങൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പരിശോധനകൾ ഫലപ്രദമാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നുവെന്ന് ലോകാരോ​ഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അമേരിക്ക, യൂറോപ്പ്, വെസ്റ്റേൺ പസഫിക് എന്നിവിടങ്ങളിലാണ് രോ​ഗവ്യാപനം നിലവിൽ കൂടുതലുള്ളത്. വൈകാതെ കോവിഡ‍ിന്റെ കൂടുതൽ തീവ്രമായ വകഭേദങ്ങൾ വന്നേക്കാമെന്നും ലോകാരോ​ഗ്യസംഘടന പറയുകയുണ്ടായി.

കോവിഡ് ഇപ്പോഴും നമുക്കൊപ്പമുണ്ടെന്നും എല്ലാരാജ്യങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുണ്ടെന്നും ലോകാരോ​ഗ്യസംഘടനയുടെ വക്താവായ ഡോ. മരിയ വാൻ വെർഖോവും പറഞ്ഞു. എൺപത്തിനാല് രാജ്യങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളിൽ നിന്നാണ് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കൂടുന്നുവെന്ന് മനസ്സിലായത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണെന്നും പലസ്ഥലങ്ങളിലും പ്രാദേശികതലത്തിലാണ് വ്യാപനമുള്ളതെന്നും മരിയ വ്യക്തമാക്കി. യൂറോപ്പിൽ മാത്രം പോസിറ്റിവിറ്റി നിരക്ക് ഇരുപതുശതമാനത്തിന് മുകളിലാണെന്നും മരിയ കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *