ബാർബിക്യൂ തയാറാക്കിയ ശേഷം തീ കെടുത്താതെ വിട്ട അടുപ്പിൽ നിന്നും വിഷവാതകം ശ്വസിച്ച് 2 യുവാക്കൾ മരിച്ചു
ചെന്നൈ : ബാർബിക്യൂ ചിക്കൻ തയാറാക്കിയ ശേഷം കെടുത്താതെ വിട്ട കൽക്കരി അടുപ്പിൽ നിന്നുള്ള പുക ശ്വസിച്ച് കൊടൈക്കനാലിൽ 2 യുവാക്കൾ മരിച്ചു. തിരുച്ചിറപ്പള്ളി സ്വദേശികളായ ആനന്ദ ബാബു, ജയകണ്ണൻ എന്നിവരാണു ചിന്നപ്പള്ളത്തെ റിസോർട്ടിൽ ഉറക്കത്തിൽ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരൻമാരായ ശിവശങ്കറും ശിവരാജും മറ്റൊരു മുറിയിൽ ഉറങ്ങിയതിനാൽ രക്ഷപ്പെട്ടു.
വെള്ളിയാഴ്ചയാണു യുവാക്കൾ റിസോർട്ടിൽ എത്തിയത്. ലിവിങ് റൂമിൽ ബാർബിക്യൂ ചിക്കൻ പാകം ചെയ്ത ശേഷം അടുപ്പിലെ തീ കെടുത്താതെയാണു സംഘം ഉറങ്ങാൻ പോയത്. രാവിലെ യുവാക്കൾ ഉണരാതിരുന്നതിനെ തുടർന്ന് മെഡിക്കൽ സംഘം എത്തി നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. അടുപ്പ് കെടുത്താതിരുന്നതിനാൽ രൂപപ്പെട്ട വിഷാംശമുള്ള വാതകങ്ങൾ മൂലം ശ്വാസംമുട്ടിയാണ് മരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിനു ശേഷം പറഞ്ഞു.