കാണാമറയത്ത് 130 പേർ; പുതിയ പട്ടിക പുറത്ത്

0

വയനാട്: ഉരുൾപൊട്ടലിൽ കാണാതായ 130 പേരുടെ പട്ടിക പ്രസിദ്ധീകരിച്ച് ജില്ലാ ഭരണകൂടം. കാണാതായ 138 പേരുടെ കരട് പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ശുദ്ധീകരണത്തിന് ശേഷം 133 പേരുടെ പട്ടികയായി. നിലവില്‍ 130 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. നാല് അതിഥി തൊഴിലാളികളാണ് പട്ടികയിലുള്ളത്. ബിഹാറിൽ നിന്നുള്ളവരാണ് ഇവര്‍. ഒഡീഷയിൽ നിന്നുള്ള ഒരു ഡോക്ടറും കാണാതായവരുടെ പട്ടികയിൽ ഉണ്ട്. 32കാരനായ ഡോ. സ്വാധീൻ പാണ്ഡയെയാണ് കണ്ടു കിട്ടാനുള്ളത്. ലേബര്‍ ഓഫീസില്‍ നിന്നാണ് അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രേഖകൾ ശേഖരിച്ചത്.

ഊഹാപോഹങ്ങളും ആശങ്കകളും കടന്ന് കൃത്യമായ പട്ടിക ഉണ്ടാക്കുക വലിയ വെല്ലുവിളിയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ച് നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് കരട് പട്ടിക തയ്യാറാക്കിയത്. വിവര ശേഖരണം പ്രയാസമേറിയതായിരുന്നു. പഞ്ചായത്തും സ്‌കൂളും തൊഴില്‍ വകുപ്പും ആരോഗ്യ വകുപ്പും പൊലീസും അങ്കണവാടി പ്രവര്‍ത്തകരും ആശാ വര്‍ക്കര്‍മാരും ജനപ്രതിനിധികളുമെല്ലാം കൈകോര്‍ത്ത് നടത്തിയ ശ്രമങ്ങളിലൂടെ രേഖകള്‍ ക്രോഡീകരിച്ചു. പേരുകള്‍ നിരവധി വെട്ടി, ചിലത് കൂട്ടിച്ചേര്‍ത്തു. മൂന്നുദിവസം നീണ്ട കഠിന പ്രവര്‍ത്തനത്തിനൊടുവിലാണ് കാണാതായവരുടെ പട്ടികയായത്. 90 – 95 ശതമാനം കൃത്യത അവകാശപ്പെടാവുന്ന പട്ടികയാണ് നിലവില്‍ പുറത്തിറക്കിയതെന്ന് അസി. കലക്ടര്‍ പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *