വയനാട് സൂചിപ്പാറയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു
മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിലിൽ വെള്ളിയാഴ്ച കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്തു. പരപ്പൻപാറയ്ക്ക് സമീപം സൂചിപ്പാറയിൽനിന്നും കാന്തൻപാറയിൽനിന്നും വെള്ളം ഒഴുകിയെത്തുന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവും എയർലിഫ്റ്റ് ചെയ്ത് ബത്തേരിയിൽ എത്തിച്ചു.
വെള്ളിയാഴ്ച രാവിലെ റിപ്പണിൽ നിന്നുള്ള തിരച്ചിൽ സംഘമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടനെ അധികൃതരെ വിവരം അറിയിച്ചെങ്കിലും എയർലിഫ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. പി.പി.ഇ. കിറ്റ് ലഭ്യമല്ലാത്തതിനാലാണ് മൃതദേഹം എടുക്കാൻ സാധിക്കാതിരുന്നതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
വളരെ ദുർഘടമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. വൈകീട്ട് മൂന്നുമണിയോടെ തങ്ങളെയും മൃതദേഹവും ലിഫ്റ്റ് ചെയ്യുന്നതിന് ഹെലികോപ്റ്റർ എത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പി.പി.ഇ. കിറ്റ് ഉണ്ടായിരുന്നില്ലെന്ന് തിരച്ചിൽ സംഘത്തിന് നേതൃത്വം നൽകിയ റിപ്പൺ സ്വദേശി പി.ടി. നൗഫൽ പറഞ്ഞു.
മോശം കാലാവസ്ഥയെ തുടർന്നാണ് എയർലിഫ്റ്റ് വെള്ളിയാഴ്ച നടത്താതിരുന്നതെന്ന വാദം നൗഫൽ തള്ളി. മൂന്ന് മണിക്ക് ഹെലികോപ്റ്റർ പ്രദേശത്തെത്തി മൃതദേഹങ്ങൾ എടുക്കാനുള്ള കിറ്റും ഗ്ലൗസും തന്നതാണ്. പി.പി.ഇ. കിറ്റ് ലഭിച്ചിരുന്നെങ്കിൽ എയർലിഫ്റ്റ് ചെയ്യാൻ സാധിക്കുമായിരുന്നു. എവിടോ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്ന് നൗഫൽ പറഞ്ഞു.