ചൈനീസ് റോക്കറ്റ് തകർന്നു;ഭീഷണിയായി അവശിഷ്ടങ്ങൾ, ആശങ്ക
ചൈനീസ് ബഹിരാകാശ റോക്കറ്റായ ലോങ് മാര്‍ച്ച് 6എ തകര്‍ന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വെച്ചാണ് റോക്കറ്റ് തകര്‍ന്നത്. ഇതിന്റെ ഫലമായി ഭ്രമണ പഥത്തിലെ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയായി നൂറുകണക്കിന് അവശിഷ്ടങ്ങൾ രൂപപ്പെട്ടതായാണ് വിവരം. ചൈനയുടെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയുടെ ഭാഗമായാണ് ലോങ് മാര്‍ച്ച് 6എ വിക്ഷേപിച്ചത്. ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ വിന്യസിച്ചതിന് ശേഷമാണ് ഭൗമോപരിതലത്തിന് മുകളില്‍ 810 കിമീ ഉയരത്തില്‍ വെച്ച് റോക്കറ്റ് തകര്‍ന്നതെന്നാണ് വിവരം. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഭൗമോപരിതലത്തിന് മുകളില്‍ 408 കിമീ ഉയരത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സ്ഥിതി ചെയ്യുന്നത്.
2024 ഓഗസ്റ്റ് ആറിനാണ് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വിന്യസിക്കുന്നതിനായി ലോങ്മാര്‍ച്ച് 6എ വിക്ഷേപിച്ചത്. ഇത്തരത്തില്‍ 14000 ഉപഗ്രഹങ്ങള്‍ അടങ്ങുന്ന ഉപഗ്രഹ ശൃംഖല സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന് കീഴിലുള്ള ഇനൊവേഷന്‍ അക്കാദമി ഫോര്‍ മൈക്രോസാറ്റലൈറ്റ്സുമായി സഹകരിച്ച് ഷാങ്ഹായ് സ്പേസ്കോം സാറ്റലൈറ്റ് ടെക്നോളജിയാണ് ജി-60 ഉപഗ്രഹ ശൃംഖല വികസിപ്പിച്ചത്.
ഈ വര്‍ഷം ആറ് വിക്ഷേപണങ്ങള്‍ നടത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2024 അവസാനത്തോടെ 108 ഉപഗ്രഹങ്ങള്‍ ചൈനയ്ക്ക് ഭ്രമണപഥത്തില്‍ എത്തിക്കാനാവുമെന്നാണ് കരുതുന്നത്. പൂര്‍ണമായും ചൈനയില്‍ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിര്‍മാണം. ഷാങ്ഹായിലെ സോങ്ചിയാങ് ജില്ലയിലുള്ള നിര്‍മാണ ശാലയില്‍ 2025 ഓടെ 500 ഉപഗ്രഹങ്ങള്‍ നിര്‍മിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.
ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപഗ്രഹ ഇന്റര്‍നെറ്റ് രംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ ചൈനയ്ക്ക് സാധിക്കും. യുഎസ് കമ്പനിയായ സ്പേസ് എക്സിന് വലിയൊരു വെല്ലുവിളിയാണ് ചൈനയുടെ ഈ പദ്ധതി.
എന്നാല്‍ ആദ്യ വിക്ഷേപണത്തില്‍ ഇത്ത്രയേറെ അവശിഷ്ടങ്ങള്‍ സൃഷ്ടിച്ച ചൈന മറ്റ് കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനകം 6206 ഉപഗ്രഹങ്ങള്‍ വിന്യസിച്ച സ്റ്റാര്‍ലിങ്ക്, സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റുകളിലാണ് വിക്ഷേപണം നടത്തുന്നത്. അടുത്തിടെ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് റോക്കറ്റ് വിക്ഷേപണത്തിനിടെ റോക്കറ്റ് തകരാറിലാവുകയും ഉപഗ്രഹങ്ങൾ നിശ്ചയിച്ച ഭ്രമണപഥത്തിന് താഴെ വിന്യസിക്കേണ്ടി വരികയും ചെയ്തിരുന്നു. പുനരുപയോഗിക്കാന്‍ കഴിയുന്ന ഈ റോക്കറ്റുകളുടെ ബൂസ്റ്ററുകള്‍ വിക്ഷേപണ ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങാന്‍ കഴിവുള്ളവയാണ്. അതുവഴി ബഹിരാകാശ അവശിഷ്ടങ്ങള്‍ കുറയ്ക്കാനാവും.