വൻ ലഹരി വേട്ട; 45.07 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

0

തിരുവനന്തപുരം: സംസ്ഥാന അതിർത്തിയിൽ വൻ രാസ ലഹരി വേട്ട. 45.07 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് യുവാക്കളെ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുളള ഡാൻസാഫ് സ്‌ക്വാഡും പാറശ്ശാല പോലീസും ചേർന്ന് പിടികൂടി. പൂന്തുറ മാണിക്യവിളാകത്ത് മതവിൽ പുതുവൽ പുത്തൻവീട്ടിൽ അനു (34), നെയ്യാറ്റിൻകരക്ക് സമീപം ചായ്‌ക്കോട്ട്‌കോണം കുളത്തുമ്മൽ ആനന്തേരി പുത്തൻവീട്ടിൽ ശ്രീജിത്ത് (28) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വെളുപ്പിനെ രണ്ടുമണിയോടെയാണ് പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനിൽ നിന്ന് പ്രതികളെ പിടികൂടിയത്. സംസ്ഥാന അതിർത്തിവരെ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിലെത്തിയ സംഘം അമരവിള ചെക്‌പോസ്റ്റിലെ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടുന്നതിനായി പാറശ്ശാല പോസ്റ്റാഫീസ് ജംങ്ഷനിൽ ഇറങ്ങി മറ്റൊരു വാഹനത്തിനായി കാത്ത് നിൽക്കുകയായിരുന്നു. സംശയം തോന്നിയ പോലീസ് ഇരുവരെയും മാറ്റി നിർത്തി നടത്തിയ അന്വേഷണത്തിൽ വ്യത്യസ്ത ഉത്തരങ്ങൾ ലഭിച്ചതോടെ വിശദ പരിശോധന നടത്തുകയായിരുന്നു.

ബംഗ്ലൂരിൽ നിന്നാണ് പ്രതികൾ ലഹരിവസ്തുവെത്തിച്ചത്. പിടികൂടിയ രാസ ലഹരിക്ക് വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലയുളളതായി പോലീസ് പറഞ്ഞു. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ അടക്കമുളള ലഹരി ഉത്പന്നങ്ങൾ വാങ്ങി തലസ്ഥാനത്തും പരിസരങ്ങളിലും വിൽപ്പന നടത്തുന്ന സംഘങ്ങളിലെ കണ്ണികളാണ് പിടിയിലാവരെന്ന് പോലീസ് പറഞ്ഞു.

റൂറൽ എസ്.പിയുടെ ഡാൻസാഫ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും പാറശ്ശാല എസ്.എച്ച്.ഓ സജി എസ്.എസ്, എസ്.ഐ ഹർഷകുമാർ, ഗ്രേഡ് എസ്.ഐമാരായ ഷാജി, ശിവകുമാർ, സി.പി.ഓമാരായ ബൈജു, റോയി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *