അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ
തിരുവനന്തപുരം: അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവർക്കിടയിലാണ് അമീബിക് മസ്തിഷ്കജ്വരം പടർന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. ലഹരിപദാർഥവും മറ്റും വെള്ളത്തിൽ കലർത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്.
നെയ്യാറ്റിൻകര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്. കാവിൻകുളത്തിലെ വെള്ളത്തിൽ ലഹരിചേർത്ത് പപ്പായത്തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായാണ് ആരോഗ്യവിഭാഗം വെളിപ്പെടുത്തുന്നത്.
ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇവർക്ക് തലവേദന, കഴുത്തിനുപിന്നിൽ വേദന തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായപ്പോൾ നട്ടെല്ലിലെ സ്രവ സാംപിളുകൾ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാൽ, പേരൂർക്കട സ്വദേശിക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്നു കണ്ടെത്താനായിട്ടില്ല. നിലവിൽ രോഗം സ്ഥിരീകരിച്ച് ആറുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. തുടർ പരിശോധനക്കായി ആരോഗ്യവകുപ്പ് അധികൃതർ ശ്രമിച്ചെങ്കിലും നിരീക്ഷണത്തിലുള്ളവർ സഹകരിക്കുന്നില്ല. നെയ്യാറ്റിൻകരയിലെ കാവിൻകുളം ക്ലോറിനേറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവിഭാഗം. കുളത്തിലെ വെള്ളത്തിന്റെ സാംപിളുകൾ തുടർച്ചയായി പരിശോധിക്കുന്നുണ്ട്. മലിനജലം ഉപയോഗിച്ച് പൊടിയോ പുകയിലയോ ശ്വസിച്ചവരുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിനു വിലക്ക്
നഗരപരിധിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിനു വിലക്ക്.
രോഗത്തിന്റെ തീവ്രത സംബന്ധിച്ച് ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനൊപ്പം ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.
മെഡിക്കൽ കോളേജ് കാംപസിലെ ഉറവകൾ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തി. മെഡിക്കൽ കോളേജ് കാംപസിലെ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കരുതെന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിർദേശം നൽകിയിരി ക്കുന്നത്.
മേൽപ്പാലത്തിനു താഴെയുള്ള ഭാഗത്തെ വെള്ളക്കെട്ടിൽ രോഗികളുടെ കൂട്ടിരിപ്പുകാർ വസ്ത്രങ്ങൾ അലക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നിയന്ത്രണമെന്ന് പ്രിൻ സിപ്പൽ ലിനറ്റ് ജെ.മോറിസ് പറഞ്ഞു.
പേരൂർക്കട സ്വദേശിക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിക്കി ടക്കുന്ന വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
കുളിക്കുന്നതിനും നിർമാണപ്രവർത്തനങ്ങൾക്കും ഈ വെള്ളം ഉപയോഗിക്കരുതെന്നും പ്രിൻസിപ്പൽ നിർദേശിച്ചു.
കുളത്തിൽ കുളിച്ച 54 പേരെ നിരീക്ഷിച്ച് ആരോഗ്യപ്രവർത്തകർ
നെയ്യാറ്റിൻകര: അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച മരുതംകോട്, പൂതംകോട് വാർഡുകൾ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തും.
രോഗസ്ഥിരീകരണമുണ്ടായതിനുശേഷം ഈ കുളത്തിൽ സ്ഥിരമായി കുളിച്ച 54 പേരെ ആരോഗ്യപ്രവർത്തകർ കണ്ടെത്തി. ഇവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കും. അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടമായ കാവിൻകുളം നവീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടാൻ പഞ്ചായത്തിൽ ചേർന്ന അവലോകനയോഗത്തിൽ തീരുമാനിച്ചു.
നിലവിൽ കാവിൻകുളത്ത് കുളിച്ചവരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത് ഏഴുപേരാണ്. ഇവർക്കൊപ്പമോ, പിന്നീടോ ഈ കുളത്തിൽ കുളിച്ചവരായി 54 പേരുണ്ടെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. ഇവരെ ആരോഗ്യപ്രവർത്തകർ നിരന്തരം നിരീക്ഷിക്കും. ഇവരിൽ രോഗലക്ഷണമുള്ളവരായി കണ്ടെത്തുന്നവരെ ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക വാർഡിലേക്കു മാറ്റും.
നിലവിൽ കാവിൻകുളത്തിൽ കുളിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടുതന്നെ ഈ കുളത്തിനു സമീപത്തായുള്ള മരുതംകോട്, പൂതംകോട് പ്രദേശത്തുള്ളവർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കാൻ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
മെഡിക്കൽ ക്യാമ്പ് എന്ന് നടത്തണമെന്നകാര്യത്തിൽ ഡി.എം.ഒ. ഉടനെ തീരുമാനമെടുക്കണമെന്നും കളക്ടർ നിർദേശിച്ചു.
രോഗത്തിന്റെ ഉറവിടമായി കണ്ടെത്തിയ കാവിൻകുളം അടിയന്തരമായി നവീകരിക്കാൻ അതിയന്നൂർ പഞ്ചായത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനിച്ചു.
കുളം നവീകരിക്കാൻ പഞ്ചായത്തിന് ഫണ്ട് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടെ സഹായം തേടാൻ യോഗത്തിൽ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ പറഞ്ഞു.
മരുതംകോട്, പൂതംകോട് വാർഡുകളിലും സമീപ വാർഡുകളും ആശാപ്രവർത്തകരും ആരോഗ്യപ്രവർത്തകരും വീടുകൾതോറും ആരോഗ്യസ്ഥിതി വിവരശേഖരണം നടത്തും.
സ്കൂളുകളിൽ പ്രത്യേക അസംബ്ലികൾ വിളിച്ച് ബോധവത്കരണം നടത്തും. അവലോകനയോഗത്തിൽ സ്ഥിരംസമിതി അധ്യക്ഷൻ കൊടങ്ങാവിള വിജയകുമാർ അധ്യക്ഷനായി.
മെഡിക്കൽ ഓഫീസർ ഡോ. ജസ്റ്റിൻ ബേസൽ, നെയ്യാറ്റിൻകര പോലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ രാജ്, ഡെപ്യൂട്ടി തഹസിൽദാർ ജെ.അജികുമാർ, എക്സൈസ് സബ് ഇൻസ്പെക്ടർ എസ്.ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.