ഡല്‍ഹി മദ്യനയക്കേസില്‍ മനീഷ് സിസോദിയയ്ക്ക് ജാമ്യം

0

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് 17 മാസത്തിന് ശേഷമാണ് സിസോദിയയ്ക്ക് ജാമ്യം ലഭിക്കുന്നത്. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്.

സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത മദ്യനയ കേസുകളില്‍ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം പരിഗണിച്ചാണ് സിസോദിയയ്ക്ക് കോടതി ജാമ്യം നല്‍കിയത്. സിസോദിയ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ഉത്തരവ്.

വിചാരണ വേഗത്തില്‍ നടത്തതാനുള്ള തടവ്പുള്ളിയുടെ അവകാശം ലംഘിക്കപ്പെട്ടുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഓരോ ആവശ്യങ്ങളുമായി കോടതിയെ സമീപിച്ച് സിസോദിയ വിചാരണ അനന്തമായി നീട്ടി കൊണ്ടുപോകുന്നുവെന്ന വിചാരണ കോടതിയുടെ പരാമര്‍ശത്തെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

493 സാക്ഷികള്‍ ഉള്ള കേസില്‍ വിചാരണ സമീപകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മനീഷ് സിസോദിയക്ക് സമൂഹത്തില്‍ ആഴത്തിലുള്ള ബന്ധങ്ങള്‍ ഉണ്ടെന്നും അതിനാല്‍ അദ്ദേഹം ഒളിച്ചോടാന്‍ പോകുന്നില്ലെന്നും കോടതി വ്യക്തമാക്കി. എന്നിരുന്നാലും വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

രണ്ട് ആള്‍ ജാമ്യവും 10 ലക്ഷം രൂപ കെട്ടിവെക്കാനും പാസ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. തെളിവുകള്‍ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *